സൗദി മണ്ണിൽ ‘ഒരു ജപ്പാൻ യാത്ര’
text_fieldsഇത്റയിലെ ജാപ്പനീസ് സാംസ്കാരിക വാരാഘോഷത്തിൽനിന്ന്
അൽ ഖോബാർ: ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യിൽ പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച് ജാപ്പനീസ് സാംസ്കാരിക വാരാഘോഷ പരിപാടികൾ അരങ്ങേറി. ജപ്പാന്റെ സമ്പന്നമായ പൈതൃകത്തിന്റെ ബഹുമുഖ തലങ്ങൾ സന്ദർശകർക്ക് അനുഭവിക്കുന്നതിനായി പരമ്പരാഗത പ്രകടനങ്ങൾ, ഡിജിറ്റൽ അനുഭവങ്ങൾ, സംവേദനാത്മക പരിശീലന കളരികൾ, രുചിഭേദങ്ങൾ, കലാരൂപങ്ങൾ, സംഗീതം എന്നിവയുടെ സംഗമ കേന്ദ്രമായി ഒരാഴ്ച്ച ‘ഇത്റ’ മാറി.
അന്താരാഷ്ട്ര പ്രശസ്തി നേടിയ ജാപ്പനീസ് ഡ്രമ്മിംങ് സംഘമായ ഡ്രം ടാവോ, പരമ്പരാഗത ടൈക്കോ ഡ്രമ്മിംഗ്, സമകാലിക നൃത്തസംവിധാനം, നാടകം, കഥപറച്ചിൽ എന്നിവ സമന്വയിപ്പിച്ച പരിപാടികളാണ് അരങ്ങേറിയത്. എൽ.ഇ.ഡി വിഷ്വലുകളും ഡൈനാമിക് സ്റ്റേജ് ഇഫക്റ്റുകളും പോലുള്ള ആധുനിക ഘടകങ്ങൾ ഉൾപ്പെടുത്തി പുരാതന ജപ്പാന്റെ ചൈതന്യം ഉണർത്തിക്കൊണ്ട് ടൈക്കോ ഡ്രമ്മുകളുടെ ശക്തമായ ബീറ്റുകൾ വേദിയിൽ പ്രതിധ്വനിച്ചു.
ചെറി പൂക്കളുടെ ഭംഗി, മഞ്ഞുവീഴ്ചയുടെ ശാന്തത, വേനൽക്കാല ഉത്സവങ്ങളുടെ പ്രസരിപ്പ്, ശരത്കാലത്തിന്റെ സുവർണ നിറങ്ങൾ എന്നിവ പ്രദർശിപ്പിച്ചുകൊണ്ട് ജപ്പാനിലെ മാറിക്കൊണ്ടിരിക്കുന്ന സീസണുകളിലൂടെ പ്രദർശനം സന്ദർശകരെ ഒരു വിസ്മയ യാത്രയിലേക്ക് നയിച്ചു.
ജാപ്പനീസ് സംസ്കാരത്തിന്റെ വിവിധ വശങ്ങൾ അനാവരണം ചെയ്യുന്ന ‘ഗസ് വിത്ത് യുവർ സെൻസസ്’ തുടങ്ങിയ മത്സരങ്ങൾ സന്ദർശകർക്ക് കൗതുകം പകർന്നു. ടോക്കിയോ നഗരത്തിനുള്ളിലൂടെ യാത്ര ചെയ്യുന്ന പ്രതീതി സമ്മാനിക്കുന്ന വിർച്വൽ റിയാലിറ്റി ഷോയും ഒരുക്കിയിരുന്നു.
‘ജാപ്പനീസ് ബസാറി’ൽനിന്ന് സന്ദർശകർക്ക് പരമ്പരാഗത കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, സെറാമിക്സ് എന്നിവ വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. കരകൗശല വിദഗ്ധർ ഒറിഗാമി, കാലിഗ്രാഫി, കിമോണോ ഡിസൈൻ തുടങ്ങിയവയിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഫുഡ് സ്റ്റാളുകൾ ജനപ്രിയ ജാപ്പനീസ് പലഹാരങ്ങളായ ടക്കോയാക്കി, മോച്ചി, സുഷി, മാച്ച അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങൾ വിളമ്പി. പരമ്പരാഗത ജീവിതരീതിയിലേക്ക് നേർക്കാഴ്ച്ച നൽകുന്ന ജാപ്പനീസ് വീടുകളുടെ മാതൃകകളും പ്രദർശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
ഇത്റയിലെ ‘ജപ്പാൻ കൾച്ചറൽ ഡേയ്സ്’ വിവിധ പരിപാടികളിലൂടെ ജപ്പാന്റെ സാംസ്കാരിക സമ്പന്നതക്ക് സാക്ഷ്യം വഹിക്കുക മാത്രമല്ല, സൗദി പാരമ്പര്യങ്ങളുമായി മൂല്യങ്ങൾ പങ്കിടുകയും ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്താൻ നിമിത്തമാവുകയും ചെയ്തിട്ടുണ്ട്.