‘ജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025’; ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന് ജിദ്ദ ഒരുങ്ങുന്നു
text_fieldsജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025’ ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ് പതാക ചൈനയിൽ നടന്ന ചടങ്ങിൽ സൗദി പ്രതിനിധിസംഘം സ്വീകരിക്കുന്നു
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ സമുദ്ര കായിക ഇനമായ ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് ‘ജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025’ എന്ന പേരിൽ ജിദ്ദയിൽ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 27 മുതൽ 29 വരെയാണ് മത്സരം.
ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന്റെ സ്ഥാപകനും അന്താരാഷ്ട്ര സംഘാടകനുമായ മിസ്റ്റർ നിക്കോളോ ഡി സാൻ ജെർമാനോയുടെ സാന്നിധ്യത്തിൽ ചൈനയിലെ ഷാങ്ഹായിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ സൗദി പ്രതിനിധി സംഘം ചാമ്പ്യൻഷിപ് പതാക സ്വീകരിച്ചു. 2025ലെ ജിദ്ദ സീസണിന്റെ ഭാഗമായാണ് വേൾഡ് പവർബോട്ട് മത്സരം ‘ജിദ്ദ ഗ്രാൻറ് പ്രിക്സ് 2025’ സംഘടിപ്പിക്കുന്നത്.
‘ജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025’ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സമുദ്ര കായിക ഇനങ്ങളിൽ ഒന്നാകും. ആവേശകരമായ അന്തരീക്ഷത്തിൽ മത്സരിക്കുന്ന ലോക ചാമ്പ്യന്മാരുടെ ഒരു നിരയും ആഗോള കായിക ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം എടുത്തുകാണിക്കുന്നതിന് സഹായിക്കുന്ന വിനോദ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.
മൂന്ന് ദിവസങ്ങളിലായി ജിദ്ദയിലെ വടക്കൻ അബ്ഹുർ കടൽത്തീരത്താണ് മത്സരം നടക്കുക. സൗദിയിൽ ആദ്യമായി നടക്കുന്ന ഈ പവർബോട്ട് ചാമ്പ്യൻഷിപ്പിൽ തത്സമയ സംഗീത പ്രകടനങ്ങളും വിവിധ വിനോദ പരിപാടികളും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പരിപാടികൾ മത്സരത്തോടൊപ്പം ഉണ്ടായിരിക്കും.
കഴിഞ്ഞ ആഗസ്റ്റിൽ ഇന്തോനേഷ്യയിലെ തോബയിൽ ആണ് ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടുകൾ ചൈനയിലെ ഷാങ്ഹായിലും ഷെങ്‌ഷൗവിലുമാണ് നടന്നത്. 2025 ലെ ജിദ്ദ സീസണിന്റെ ഭാഗമായി നാലാം റൗണ്ടിനായി ജിദ്ദയിൽ എത്താൻ പവർബോട്ട് മത്സര ലോക ചാമ്പ്യന്മാൻ കാത്തിരിക്കുകയാണ്.