പ്രധാനമന്ത്രി മോദിയെ വരവേൽക്കാൻ ജിദ്ദ ഒരുങ്ങുന്നു
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യ സന്ദർശന വേളയിൽ (ഫയൽ)
ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിനായി ജിദ്ദയിൽ വൻ തയാറെടുപ്പുകൾ പൂർത്തിയാകുന്നു. ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയെത്തുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണമനുസരിച്ചാണ് മോദി ഈ മാസം 22, 23 തീയതികളിൽ സന്ദർശനം നടത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.
2016ലും 2019ലും സൗദി സന്ദർശിച്ച പ്രധാനമന്ത്രിയുടെ ആറുവർഷത്തിനുശേഷമുള്ള മൂന്നാമത്തെ സൗദി സന്ദർശനമാണിത്. സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ചയാണ് പര്യടനപരിപാടിയിലെ പ്രധാനപ്പെട്ടത്. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ രണ്ടാം യോഗത്തിൽ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മോദി പങ്കെടുക്കും.
ജിദ്ദയിലെ പ്രസിദ്ധമായ ഏതെങ്കിലുമൊരു ഫാക്ടറിയിലെ ഇന്ത്യൻ തൊഴിലാളികളുമായി മോദി സംവദിക്കുമെന്നും അറിയുന്നു. എന്നാൽ പ്രവാസികളെ പങ്കെടുപ്പിച്ച് കമ്യൂണിറ്റി പ്രോഗ്രാം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ‘നിയോം’ അടക്കമുള്ള ചിലയിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കാനും സാധ്യതയുളളതായി അറിയുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നിനും ഇതുവരെ നൽകിയിട്ടില്ല.
ഇത് കൂടുതൽ ഊഷ്മളമാക്കാൻ കൂടി സന്ദർശനം വഴിവെക്കും. തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ, രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധം പങ്കിടുന്നു.
പ്രധാനമന്ത്രിയുടെ സൗദിയിലെ മൂന്നാമത്തെ സന്ദർശനം സൗദിയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. ബഹുമുഖ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും, പരസ്പര താത്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറാനും ഇത് അവസരം നൽകും.
അടുത്ത മാസം മുംബൈയിൽ വേദിയൊരുക്കുന്ന ‘വിഷ്വൽ മീഡിയ സമ്മിറ്റി’ലേക്ക് സൗദിയെ ക്ഷണിക്കാനും സാമ്പത്തിക പ്രതിരോധരംഗത്തെ പരസ്പര സഹകരണം ഉറപ്പുവരുത്താനും പ്രധാനമന്ത്രിയുടെ സന്ദർശനം ഉപയോഗപ്പെടുത്തും.