കേളി ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ്; 768 പേർ രക്തം നൽകി
text_fieldsകേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ്
റിയാദ്: ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനുള്ള മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ബ്ലഡ് ബാങ്കുമായി ചേർന്ന് മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിെൻറ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബദീഅയിലെ ഫ്ലമിംഗോ മാളിൽ നടന്ന ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെ നീണ്ടുനിന്നു. 768 പേർ രക്തം ദാനം ചെയ്തു.
ഇന്ത്യക്കാർക്ക് പുറമെ സൗദി, യമൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ,ഫലസ്തീൻ, ജോർഡൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
കേളി ഭാരവാഹികളായ നൗഫൽ ഉള്ളാട്ട് ചാലി, റഫീഖ് ചാലിയം, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ലിപിൻ പശുപതി, ബിജി തോമസ്, കെ.കെ. ഷാജി, റഫീഖ് പാലത്ത്, റിയാസ് പള്ളാട്ട്, മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ ആദര സൂചകമായുള്ള ഫലകവും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും പറഞ്ഞു.


