ജുബൈൽ നഗരസഭയുടെ ‘അൽ മിർഖാബ് വാക്ക്’ പദ്ധതി; ജീവിതനിലവാരം മെച്ചപ്പെടുത്താൻ പുതിയ ചുവടുവെപ്പ്
text_fieldsജുബൈൽ നഗരസഭ ഒരുക്കുന്ന ‘അൽ മിർഖാബ് വാക്ക്’ പദ്ധതി
ജുബൈൽ: നഗരകാഴ്ചകൾക്കൊപ്പം പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ജുബൈൽ നഗരസഭ നടപ്പാക്കുന്ന ‘അൽ മിർഖാബ് വാക്ക്’ ശ്രദ്ധേയമാകുന്നു.ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നഗരസഭയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്.സൗദി വിഷൻ 2030-െൻറയും മുനിസിപ്പാലിറ്റിയുടെയും ലക്ഷ്യമായ ഉയർന്ന ജീവിതനിലവാരം മുൻനിർത്തിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കിംസ് ആശുപത്രിക്കും പാണ്ട ഹൈപ്പർമാർക്കറ്റിനും സമീപത്തുള്ള വിശാലമായ സ്ഥലമാണ് ഈ രീതിയിൽ നവീകരിച്ചിരിക്കുന്നത്.
ഏകദേശം ഒന്നര കിലോമീറ്റർ വരുന്ന ഈ പ്രദേശത്ത് നിലവിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ സിന്തറ്റിക് നടപ്പാത സജ്ജമായിക്കഴിഞ്ഞു. സുരക്ഷിതമായ നടത്തത്തിനുള്ള ട്രാക്കുകൾക്ക് പുറമെ, വ്യായാമത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനായി വിവിധ ഔട്ട്ഡോർ കായിക ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചു വരുന്നുണ്ട്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ വലിയൊരു മുതൽക്കൂട്ടാകുന്ന ഈ നടപ്പാതയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് വൈകുന്നേരങ്ങളിൽ എത്തുന്നത്. വിശ്രമിക്കാൻ ഒരുക്കിയ ബെഞ്ചുകളും സമീപത്തായി മലയാളികളുടേത് ഉൾപ്പെടെയുള്ള വിവിധ റെസ്റ്റോറൻറുകളും കൂടിയായതോടെ ‘അൽ മിർഖാബ് വാക്ക്’ ജുബൈലിലെ സായാഹ്നങ്ങളെ ഏറെ സജീവമാക്കിയിരിക്കുകയാണ്.


