Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ സേവനങ്ങളിൽ...

റമദാൻ സേവനങ്ങളിൽ മാതൃകയായി ജുബൈൽ മലയാളി സമാജം

text_fields
bookmark_border
റമദാൻ സേവനങ്ങളിൽ മാതൃകയായി ജുബൈൽ മലയാളി സമാജം
cancel

ജുബൈൽ: കാരുണ്യത്തിന്‍റെയും സഹോദരസ്നേഹത്തി​െൻറയും സന്ദേശമുയരുന്ന റമദാൻ മാസത്തിൽ, പ്രവാസലോകത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമേകി ജുബൈൽ മലയാളി സമാജം. തുടർച്ചയായ ഏഴാം വർഷവും വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായാണ് സമാജം ഇത്തവണയും ഈ പുണ്യമാസത്തെ വരവേറ്റത്.

റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി അർഹരായ പ്രവാസികൾക്കായി സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് 250 പേർക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. കിംസ് ആശുപത്രിക്ക് സമീപം നടന്ന ചടങ്ങിൽ സമാജം പ്രസിഡൻറ്​ തോമസ് മാത്യു മാമൂടൻ, ഭാരവാഹികളായ ആശ ബൈജു, നീതു രാജേഷ്, ബിബി രാജേഷ് എന്നിവർ ചേർന്നാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.

ആഡംബരപൂർണ്ണമായ ഇഫ്താർ സംഗമങ്ങളിൽ നിന്ന് വ്യത്യസ്തമായി, മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബർ ക്യാമ്പുകളിലും ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ചു കഴിയുന്ന സാധാരണക്കാരായ തൊഴിലാളികൾക്കിടയിലുമാണ് സമാജം ഇത്തവണയും ഇഫ്താർ ഒരുക്കിയത്. ജുബൈലിൽ നിന്നും 70 കിലോമീറ്ററോളം അകലെയുള്ള ഫാദിലി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി പ്രത്യേക ഇഫ്താർ സംഘടിപ്പിച്ചു. കൂടാതെ പൈപ്പ്‌ലൈൻ റോഡിനോട് ചേർന്നുള്ള മരുഭൂമിയിലെ താമസക്കാർക്കായും, വിദേശത്തേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ഹെവി ഡ്രൈവർമാർക്കുള്ള ലേബർ ക്യാമ്പ് കേന്ദ്രീകരിച്ചും ഇഫ്താർ വിരുന്നുകൾ നടന്നു. വിവിധ ഫലവർഗങ്ങളും വിഭവങ്ങളും ജ്യൂസും വെള്ളവുമായി സമാജം പ്രവർത്തകരും കുടുംബങ്ങളും നേരിട്ടെത്തിയാണ് തൊഴിലാളികൾക്കൊപ്പം നോമ്പ് തുറന്നത്.

ജാതി-മത-ഭാഷാ ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കുചേർന്ന ഈ കൂട്ടായ്മകളിൽ നോമ്പുതുറയ്ക്കും ഇശാ നമസ്കാരത്തിനും ശേഷമാണ് പ്രവർത്തകർ മടങ്ങാറുള്ളത്. ഇത്തവണ ഏകദേശം ആയിരത്തോളം പേർക്ക് ഇഫ്താർ വിരുന്നൊരുക്കാൻ സമാജത്തിന് സാധിച്ചു. കേവലം ഒരു വിരുന്നിനപ്പുറം, മരുഭൂമിയിലെ തൊഴിലാളികളുടെ പ്രയാസങ്ങൾ നേരിട്ട് കേട്ടറിയാനുള്ള വേദിയായി കൂടി ഇത്തരം സന്ദർഭങ്ങളെ സമാജം പ്രയോജനപ്പെടുത്തുന്നു.

സുമനസ്സുകളായ സുഹൃത്തുക്കളുടെയും സമാജം അംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതെന്ന് ഭാരവാഹികളായ തോമസ് മാത്യു മാമൂടനും ബൈജു അഞ്ചലും പറഞ്ഞു. രോഗവും അപകടങ്ങളും കാരണം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കുക എന്നത് കൂടിയാണ് സമാജത്തി​െൻറ ലക്ഷ്യം. റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുബൈലിലെ പ്രവാസി സംഘടനകളെയും പൗരപ്രമുഖരെയും ഉൾപ്പെടുത്തി വിപുലമായ ഇഫ്താർ സംഗമവും സമാജം സംഘടിപ്പിച്ചിരുന്നു. പ്രവാസത്തി​െൻറ ചുട്ടുപൊള്ളുന്ന വഴികളിൽ സ്നേഹത്തി​െൻറ തണലായി ജുബൈൽ മലയാളി സമാജം അതിന്‍റെ പ്രയാണം തുടരുകയാണ്.

Show Full Article
TAGS:ramadan Saudi Arabia 
News Summary - Jubail Malayali Society
Next Story