കല്യാണി പാടിയൊഴുകുന്നു, ആസ്വാദക ഹൃദയങ്ങളിലേക്ക്
text_fieldsകല്യാണി
ദമ്മാം: പാട്ടുകാർ ഒരുപാടുണ്ട്. പക്ഷേ പാട്ടിന്റെ മർമമറിഞ്ഞ് ശ്രോതാക്കളുടെ ഹൃദയത്തിൽ സ്വരമായി പെയ്തിറങ്ങാൻ കഴിവുള്ള പാട്ടുകാർ അപൂർവമാണ്. ദമ്മാമിലെ കലാവേദികളിൽ സുപരിചിതയായ കല്യാണി ബിനു എന്ന കുഞ്ഞു പാട്ടുകാരി മെലഡികൾ പാടുമ്പോൾ നിശ്ശബ്ദമായി സദസ്സ് താളം പിടിക്കുന്നതും അടിപൊളി പാട്ടുകൾക്കൊപ്പം നൃത്തച്ചുവടുകൾ വെക്കുന്നതും പാട്ടിന്റെ മർമമറിഞ്ഞുള്ള ആലാപനം കാരണമാണ്.
പാല സ്വദേശി ബിനു പുരുഷോത്തമന്റെയും ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ഡോ. സിന്ധു ബിനുവിന്റെയും മകൾ കല്യാണി 12ാം ക്ലാസ് വിദ്യാർഥിനിയാണ്. ദമ്മാമിലെ കലാകൂട്ടായ്മകളിൽ ഒഴിച്ചുകൂടാനാവാത്ത ഗായികയായി ഈ പെൺകുട്ടി മാറിക്കഴിഞ്ഞു.
അച്ഛൻ ബിനു ഗായകനാണങ്കിലും കല്യാണിയുടെ പാടാനുള്ള കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം പങ്കെടുത്ത ഒരു ഒരു വിവാഹാഘോഷത്തിൽ താൻ ഒരു പാട്ടുപാടിക്കോട്ടേയെന്ന് ഈ കുട്ടി സ്വയം ആവശ്യപ്പെടുകയായിരുന്നു. അന്ന് കല്യാണി പാടിയ പാട്ടുകേട്ട് മാതാപിതാക്കളും സദസ്സും അന്തിച്ചുപോയി.
അന്ന് മുതൽ കല്യാണിയുടെ പാട്ട് കാര്യത്തിൽ വീട്ടുകാർ ശ്രദ്ധിച്ചു തുടങ്ങി. മെലഡികൾ പാടിത്തുടങ്ങിയ കല്യാണി, വേഗത്തിലുള്ള പാട്ടുകളും ശീലിച്ചതോടെ ദമ്മാമിലെ കലാവേദികളിൽ നിത്യഗായികയായി. നൂറുകണക്കിന് വേദികളിൽ പാടിയ കല്യാണിക്ക് ദമ്മാമിലെത്തിയ ഒട്ടുമിക്ക പ്രമുഖ പാട്ടുകാരോടൊപ്പവും പാടാനായി.
കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, സലീം കോടത്തൂർ, നജീം അർഷാദ്, ഫിറോസ് ബാബു, രാജ സാഹിബ് തുടങ്ങിയവരോടൊപ്പം പാടാൻ അവസരം കിട്ടി. ഹിന്ദി പാട്ടുകളും ഗസലുകളും അനായാസവും ഹൃദ്യമായും ആലപിക്കാനുള്ള കഴിവാണ് കല്യാണിയെ വേറിട്ടുനിർത്തുന്നത്.
ജാനകിയമ്മയും ശ്രേയാ ഘോഷാലുമാണ് ഇഷ്ടഗായകർ. ജാനകിയമ്മയുടെ ആലാപന ചാതുരി കേട്ട് ഉറങ്ങുക എന്നതാണ് കല്യാണിയുടെ ദിനചര്യകളിലൊന്ന്. ശ്രേയ ഘോഷാലിനെപോലെ ഹൃദയത്തിൽ തൊട്ട് പാടുന്നവർ അധികമില്ല. ഏത് ഭാഷയിൽ അവർ പാടിയാലും അവർ ഉച്ചാരണത്തിലും ഭാവത്തിലും കൊടുക്കുന്ന സൂക്ഷ്മത നമുക്ക് തിരിച്ചറിയാനാവില്ല. പകരം വെക്കാനില്ലാത്തത്രയും സുന്ദരമാണ് അവരുടെ ആലാപനം -കല്യാണി പറഞ്ഞു.
എൽ.കെ.ജി മുതൽ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ കല്യാണി സ്കൂളിലെ ഗായക സംഘത്തിലെ മുൻനിര പാട്ടുകാരിൽ ഒരാളാണ്. ഇംഗ്ലീഷിൽ കവിതകളും എഴുതാറുണ്ട്. അവധിക്ക് നാട്ടിൽ പോകുമ്പോഴെല്ലാം പ്രഫഷനൽ ഗാനമേള ട്രൂപ്പുകളിൽ പാടാൻ അവസരം കിട്ടിയിട്ടുണ്ട്. ഏക സഹോദരൻ ആദിത്യൻ യു.കെയിൽ വിദ്യാർഥിയാണ്.