സംഗീതം പെയ്തിറങ്ങിയ 'കിയോത്സവം'
text_fieldsകിയോസ് 11-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘കിയോത്സവ’ത്തിൽ സയനോര ഫിലിപ്പ് പാടുന്നു
റിയാദ്: മേളപ്പെരുക്കം മാസ്മരിക വലയം തീര്‍ത്ത 'കിയോത്സവം' സംഗീത വിരുന്ന് വേറിട്ട അനുഭവം സമ്മാനിച്ചു. കണ്ണൂര്‍ എക്സ്പാർട്രിയേറ്റ്സ് ഓര്ഗനൈസേഷന് (കിയോസ്) 11-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്നൊരുക്കിയത്. പിന്നണി ഗായിക സയനോര ഫിലിപ്പ്, നസീര്‍ മിന്നലെ, കാഞ്ഞങ്ങാട് രാമചന്ദ്രന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സാംസ്കാരിക സമ്മേളനം എൻജി. ഹുസൈന് അലി ഉദ്ഘാടനം ചെയ്തു. കിയോസ് ചെയര്മാന് ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി പുനരധിവാസം ലക്ഷ്യമാക്കി കിയോ ഇന്‍ഫ്രാ ആൻഡ് ആഗ്രോ പ്രൈവറ്റ് ലിമിറ്റഡ് രൂപവത്കരിച്ചതായി അദ്ദേഹം പറഞ്ഞു. കിയോസ് അംഗങ്ങളില്‍നിന്ന് രണ്ടുകോടി രൂപ മൂലധനം സമാഹരിച്ചാണ് കമ്പനി ആരംഭിച്ചത്. അനുഭവസമ്പത്തുളള പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴിലും നിക്ഷേപ അവസരവും നല്‍കും. കണ്ണൂര്‍ ജില്ലയില്നിന്നുളളവര്ക്ക് നിക്ഷേപത്തിന് അവസരം നല്‍കുമെന്നും ഡോ. സൂരജ് പാണയില്‍ വ്യക്തമാക്കി.
മാനവികതക്ക് മുന്‍ഗണന നല്കി സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സഹായം നല്കാന് കിയോസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് കിയോസിനെ പരിചയപ്പെടുത്തിയ ജനറല്‍ കണ്‍വീനര്‍ പൂക്കോയ തങ്ങള്‍ പറഞ്ഞു. അബ്ദുറഹ്മാന് അല്‍-അത്താസ്, സാബിത് കോഴിക്കോട്, സജ്ജാദ്, സാജിത്ത്, അഡ്വ. അജിത്കുമാര്‍, ക്ലീറ്റസ്, ഷംനാദ് കരുനാഗപ്പളളി എന്നിവര്‍ സംസാരിച്ചു. വ്യവസായ, വാണിജ്യ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ഇസ്മാഈല്‍ കണ്ണൂര്‍ സ്വാഗതവും ഷൈജു പച്ച നന്ദിയും പറഞ്ഞു. സൗദിയില്‍ പ്രഥമ സന്ദര്‍ശനം നടത്തിയ സയനോര ഫിലിപ് മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ കൈയടി നേടി. ബിന്ദു ടീച്ചര്‍ ചിട്ടപ്പെടുത്തിയ തിരുവാതിരയും നൃത്തനൃത്യങ്ങളും അരങ്ങേറി.