കോശി ലൂക്കോസിെൻറ കുടുംബത്തിന് കേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറി
text_fieldsകോശി ലൂക്കോസിെൻറ കുടുംബത്തിന് കേളി കുടുംബ സുരക്ഷ ഫണ്ട് കെ.എൻ. ബാലഗോപാൽ എം.എൽ.എ ഫണ്ട് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി പരേതനായ കോശി ലൂക്കോസിെൻറ കുടുംബത്തിന് കൈമാറി. കൊട്ടാരക്കരയിലെ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കൊട്ടാരക്കര എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ ഫണ്ട് തുക കോശി ലൂക്കോസിെൻറ ഭാര്യ ലീലാമ്മ കോശിക്ക് കൈമാറി.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സനാഇയ്യയിൽ പ്ലമ്പിങ്-ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്ന കോശി ലൂക്കോസ്, അവധിക്കായി നാട്ടിലെത്തിയ സമയത്താണ് മരണമടഞ്ഞത്. പ്രവാസി മലയാളികൾക്കിടയിൽ അപ്രതീക്ഷിത വിയോഗങ്ങൾ സംഭവിക്കുമ്പോൾ അവരുടെ കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ കേളി കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയാണ് കുടുംബ സുരക്ഷാ ഫണ്ട്.
ഫണ്ട് കൈമാറ്റ ചടങ്ങിൽ കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം ജയൻ, കോശി ലൂക്കോസിെൻറ മകൻ റെജി ലൂക്കോസ്, കേളി മുൻ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടൻ, സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, കൊട്ടാരക്കര മുനിസിപ്പൽ മുൻ ചെയർമാൻ എസ്.ആർ. രമേശ് എന്നിവരും കേരള പ്രവാസി സംഘം ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും, കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.


