കേരള എൻജിനീയേഴ്സ് ഫോറം ‘എൻജിനീയേഴ്സ് ഓൺ ബോർഡ്’ സെമിനാർ സംഘടിപ്പിച്ചു
text_fieldsകേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘എൻജിനീയേഴ്സ് ഓൺ ബോർഡ്’ സെമിനാറിൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ സാങ്കേതികവും വ്യക്തിപരവുമായ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ‘എൻജിനീയേഴ്സ് ഓൺ ബോർഡ്’ എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിൻ സ്കൂളിൽ നടന്ന പരിപാടിയിൽ റിയാദിലെ എൻജിനീയറിങ് മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
സർട്ടിഫൈഡ് കോച്ചും പരിശീലകനുമായ ഷിജാസ് മൊഹിദീൻ ‘ഗോൾ സെറ്റിങ് - ടേണിങ് വിഷൻ ടു ആക്ഷൻ’ എന്ന വിഷയത്തിൽ സംവേദനാത്മക സെഷൻ നയിച്ചു. തുടർന്ന് കെ.ഇ.എഫ് പ്രസിഡൻറ് അബ്ദുൽ നിസാർ നിയന്ത്രിച്ച പാനൽ ചർച്ചയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ സംസാരിച്ചു.
സൗദി എൻജിനീയറിങ് മേഖലയിലെ പുതിയ പ്രവണതകളെ കുറിച്ച് കെ.എം. അനീഷ് സംസാരിച്ചു. എൻജിനീയറിങ്ങിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ വിഷയങ്ങളിൽ ശൈഖ് സലീം പ്രഭാഷണം നടത്തി. പ്രഫഷനൽ രംഗത്തെ സോഫ്റ്റ് സ്കിൽസ് എന്ന വിഷയത്തിൽ സുഷ്മ ഷാൻ ക്ലാസ് നയിച്ചു. സൗദിയിലെ ബിസിനസ് അവസരങ്ങളും സംരംഭകത്വവും സംബന്ധിച്ച് നജീബ് മുസ്ലിയാരകത്ത് സംസാരിച്ചു. ഷരൂബ് ഇംതിയാസ് വ്യോമയാന മേഖലയിലെ തൊഴിൽ സാധ്യതകൾ ചൂണ്ടിക്കാട്ടി. കെ.ഇ.എഫ് ദമ്മാം പ്രസിഡൻറ് അഫ്താബ് മുഹമ്മദ് കരിയർ വളർച്ചയ്ക്കുള്ള മാർഗരേഖ അവതരിപ്പിച്ചു.
മികച്ച നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എം.ഇ.പി മിഡിൽ ഈസ്റ്റ് അവാർഡ് ജേതാവ് അജ്മൽ അബ്ദുൽ വക്കീലിനെ പ്രത്യേകം അനുമോദിച്ചു. റിയാദ് മാരത്തോണിൽ 42 കി.മീ, 21 കി.മീ ദൂരങ്ങൾ പൂർത്തിയാക്കിയ അംഗങ്ങൾക്കും, റിയാദ് ഫ്രണ്ട്സ് ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ കെ.ഇ.എഫ് ഫുട്ബൾ ടീമിനും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.
കെ.ഇ.എഫ് പ്രസിഡൻറ് അബ്ദുൽ നിസാർ, വൈസ് പ്രസിഡൻറ് ഷഫാന മെഹ്റു മൻസിൽ, ആഷിക് പാണ്ടികശാല, സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


