വികസന പദ്ധതി മാസ്റ്റർ പ്ലാൻ പുറത്തിറക്കി; പുതിയ മോടിയണിയാൻ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം
text_fieldsദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന മാസ്റ്റർ പ്ലാൻ കിഴക്കൻ
പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് പുറത്തിറക്കിയപ്പോൾ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ഇനി പുതിയ മോടിയണിയും. പുതിയ ഐഡൻറിറ്റിയും വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാനും കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് പുറത്തിറക്കി. കൂടാതെ അൽഅഹ്സ, ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കായുള്ള മാസ്റ്റർ പ്ലാനുകളും ദമ്മാം വിമാനത്താവള വികസന പദ്ധതികളും ഗവർണർ ഉദ്ഘാടനം ചെയ്തു.
106 കോടി റിയാലിലധികം മൂല്യമുള്ള സംയോജിത വികസന പദ്ധതികളുടെ ഒരു പാക്കേജും അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവവും മെച്ചപ്പെടുത്തുന്നതിനായി 77 വികസന പദ്ധതികൾ നടപ്പാക്കുന്നതും ഉൾപ്പെടുന്നതാണിത്. ചടങ്ങിൽ ദമ്മാം വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്ന പുതിയ ദേശീയ ബജറ്റ് വിമാന കമ്പനി സംബന്ധിച്ച പ്രഖ്യാപനവുമുണ്ടായി. യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക് ഗേറ്റുകളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. വ്യോമയാന മേഖല സാക്ഷ്യം വഹിക്കുന്ന ദ്രുതഗതിയിലുള്ള വികസനവും വളർച്ചയും ഈ സുപ്രധാന മേഖലക്ക് ഭരണകൂടം നൽകുന്ന ഉദാരമായ പിന്തുണയുടെയും വലിയ ശ്രദ്ധയുടെയും വിപുലീകരണമാണെന്ന് ഗവർണർ പറഞ്ഞു.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമഗ്ര വികസന ലക്ഷ്യങ്ങൾ നിറവേറ്റുകയും ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും എയർ കണക്റ്റിവിറ്റി ശൃംഖല വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തിലുള്ള അവരുടെ വിശ്വാസത്തിൽ നിന്നാണ് ഇത് ഉടലെടുത്തത്. ഗതാഗത സംവിധാനത്തിനുള്ളിൽ സംയോജനം കൈവരിക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ഈ തന്ത്രപ്രധാന മേഖലയിൽ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനുമുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടത്തെയാണ് ഈ വികസന പദ്ധതികൾ പ്രതിനിധീകരിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
2030 ആകുമ്പോഴേക്കും കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിവർഷം 1.93 കോടി യാത്രക്കാർക്ക് സേവനം നൽകുക എന്നതാണ് തന്ത്രപരമായ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് 2022 നെ അപേക്ഷിച്ച് 100 ശതമാനത്തിൽ കൂടുതൽ വളർച്ച നിരക്കിനെ പ്രതിനിധീകരിക്കുന്നു.
ദമ്മാം വിമാനത്താവളങ്ങളുടെ അഭിലാഷവും ഭാവി കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന എയർ കാർഗോ ശേഷി പ്രതിവർഷം ആറു ലക്ഷം ടണ്ണിലധികം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇത് 1000 ശതമാനത്തിൽ കൂടുതൽ വളർച്ചനിരക്കിനെ പ്രതിനിധീകരിക്കുന്നു. കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വിപുലീകരണമാണിത്. വിമാനം കൈകാര്യം ചെയ്യൽ ശേഷി മണിക്കൂറിൽ 77 വിമാനങ്ങളാക്കി ഉയർത്താനും യാത്രക്കാരുടെ ശേഷി പ്രതിവർഷം 3.2 കോടി യാത്രക്കാരായി ഉയർത്താനുമാണ് ഈ വിപുലീകരണം ലക്ഷ്യമിടുന്നത്.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും ആധുനികവത്ക്കരണവും പൊതുവായ വ്യോമയാന സൗകര്യങ്ങളുടെ സമഗ്ര വികസനവും ഉൾപ്പെടുന്നതാണ് പുതിയ പദ്ധതികൾ.