മക്കയിലെ കിങ് ഫൈസൽ റോഡ് താൽക്കാലികമായി അടച്ചു
text_fieldsമക്ക: അൽ സൈൽ ഇൻറർസെക്ഷൻ പദ്ധതിയുടെ പണി പൂർത്തിയാക്കുന്നതിനായി മക്കയിലെ കിങ് ഫൈസൽ റോഡ്, നാലാം റിങ് റോഡിലേക്കുള്ള ദിശയിൽ താൽക്കാലികമായി അടച്ചുപൂട്ടിയതായി റോയൽ കമീഷൻ ഫോർ ദ സിറ്റി ഓഫ് മക്ക ആൻഡ് ദ ഹോളി സൈറ്റ്‌സുമായി സഹകരിച്ച് തലസ്ഥാന ഗതാഗത വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതലാണ് അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വന്നത്. കിങ് ഫൈസൽ റോഡിൽ നിന്ന് നാലാം റിങ് റോഡിലേക്കുള്ള റാമ്പും ഹുസൈൻ സർഹാൻ റോഡുമായി കൂടിച്ചേരുന്ന ഭാഗവുമാണ് അടച്ചിടുകയെന്ന് തലസ്ഥാന ഗതാഗത വകുപ്പ് അറിയിച്ചു.
മദീനയിലേക്ക് പോകുന്ന വാഹനങ്ങൾ കിങ് ഫൈസൽ റോഡും നാലാം റിങ് റോഡും ചേരുന്ന ജങ്ഷനിലെ നിലവിലുള്ള റാമ്പുകൾ വഴി വഴിതിരിച്ചുവിടും. അൽ മുഈസിം മാർക്കറ്റിലേക്ക് പോകുന്നവർ ഖസ്ർ അൽ-ഷുമൂഖ് ഹാളിന് അടുത്തുള്ള പ്രാദേശിക റോഡുകൾ ഉപയോഗിക്കണം. അടച്ചിട്ട റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണം. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും എല്ലാ ഡ്രൈവർമാരും നിർദേശങ്ങൾ പാലിക്കണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


