‘ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ 7’ ; കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കം
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ 7’ ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് (വെള്ളി) തുടക്കമാവും. ജിദ്ദ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ച് മണിക്ക് മാർച്ച് പാസോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ അതിഥിയാകും.
ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം പ്രവാസി യുവാക്കൾക്കിടയിൽ സ്പോർട്സ്മാൻഷിപ്, ടീം വർക്ക്, കമ്യൂണിറ്റി ഇടപെടൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിച്ച് ഉല്ലസിക്കാൻ അവസരമൊരുക്കുക, സംഘടന പ്രവർത്തകരെ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിവിധ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദീർഘകാലം വിദേശകാര്യ സഹമന്ത്രിയും നിരവധി തവണ ഐക്യരാഷ്ട്ര സഭയിൽ രാജ്യത്തിനുവേണ്ടി ശബ്ദിച്ച മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇ. അഹമ്മദിന്റെ നാമധേയത്തിലാണ് ഫുട്ബാൾ ടൂർണമെൻറ്. പ്രവാസി ഇന്ത്യക്കാരുമായി അടുത്തിടപഴകി എപ്പോഴും പ്രവാസി പ്രശ്നങ്ങൾ കേൾക്കാനും വേണ്ട സഹായങ്ങൾ ചെയ്ത് കൂടെ നിന്ന മഹാനായ നേതാവിന്റെ സ്മരണയിൽ ‘ഇ. അഹമ്മദ് സാഹിബ് സൂപ്പർ 7’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് ജിദ്ദ പ്രവാസി സമൂഹം ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ പറഞ്ഞു.
ഒക്ടോബർ 10 വരെയുള്ള വാരാന്ത്യങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. രണ്ടു പൂളുകളിലായിട്ട് നടക്കുന്ന ടൂർണമെന്റിൽ എട്ട് പ്രധാന ക്ലബുകൾ തമ്മിലുള്ള മത്സരവും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ആറ് വടക്കൻ ജില്ല കമ്മിറ്റികളും എറണാകുളം മുതൽ തെക്കോട്ടുള്ള ഏഴ് ജില്ലകളുടെ ഒരു ടീമും തമ്മിലുള്ള മത്സരവും നടക്കും. ഒപ്പം ജിദ്ദയിലെ നാല് ജൂനിയർ ക്ലബുകളിലെ ടീമുകളും തമ്മിൽ ഏറ്റുമുട്ടും. ജിദ്ദ കണ്ടതിൽ വെച്ചേറ്റവും വലിയ പ്രൈസ് മണിയായ 35,000 റിയാൽ സമ്മാനം വിജയികൾക്കിടയിൽ വിതരണം ചെയ്യും.
ക്ലബുകൾ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും 12,000 റിയാൽ കാശ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 8,000 റിയാൽ കാശ് പ്രൈസും ലഭിക്കും. ജില്ലാ കമ്മിറ്റികൾ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും 9,000 റിയാൽ കാശ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 6,000 റിയാൽ കാശ് പ്രൈസും ലഭിക്കും.
സെപ്റ്റംബർ 19 ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ടൂർണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക പ്രകടനങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയിൽ വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റ് നടക്കും. സ്റ്റേഡിയത്തിൽ 5,000ത്തോളം പേർക്ക് ഒരേസമയം ഇരുന്ന് മത്സരം വീക്ഷിക്കാനും കാർ പാർക്കിങ്ങിന് വിശാലമായ സൗകര്യമുണ്ടെന്നും സംഘാടകർ അറിയിച്ചു. ഒക്ടോബർ 10ന് രണ്ട് പൂളുകളുടെയും ഫൈനൽ മത്സരവും സമാപനവും നടക്കും. സമാപന പരിപാടിയിലും നാട്ടിൽ നിന്നുള്ള മുസ്ലിംലീഗ് നേതാക്കൾ അതിഥികളായി എത്തിയേക്കുമെന്നും കാണികൾക്ക് നറുക്കെടുപ്പിലൂടെ നാട്ടിൽ ബൈക്ക് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്ന കൂപ്പണുകൾ വഴി പ്രചാരണങ്ങൾ നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ആക്ടിങ് പ്രസിഡന്റ് എ.കെ മുഹമ്മദ് ബാവ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാരങ്ങാടി, സെക്രട്ടറിമാരായ സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.