കൊല്ലം സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ നിര്യാതനായി
text_fieldsറഷീദ് കുഞ്ഞ്
ജിദ്ദ: കൊല്ലം സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ നിര്യാതനായി. ചവറ പുല്ലംവയലിൽ ലൈജു നിവാസിൽ റഷീദ് കുഞ്ഞ് (76) ആണ് മരിച്ചത്. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ജിദ്ദയിലെ കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനായി സെപ്റ്റംബർ 24നാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്.
ഉംറക്ക് ശേഷം ജിദ്ദയിലുള്ള മകനോടൊപ്പം താമസിക്കുമ്പോഴാണ് മസ്‌തിഷ്‌കാഘാതം സംഭവിച്ചത്. അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ശേഷം ഒരു മാസത്തിലധികമായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്ഥാന റവന്യൂ വകുപ്പിൽ ദീർഘകാലം സേവനമനുഷ്‌ഠിക്കുകയും കരുനാഗപ്പള്ളി താലൂക്ക് മുൻ ഡെപ്യൂട്ടി തഹസിൽദാരുമായിരുന്നു.
ഭാര്യ: നൂറുന്നിസ. മക്കൾ: ലൈജു (ആമീസ് പാരഡൈസ്, ചവറ), ബൈജു (പൊലീസ് ഐ.ടി വിഭാഗം, തിരുവനന്തപുരം), ഷൈജു (ജിദ്ദ). മരുമക്കൾ: സുമയ്യ (വനം വകുപ്പ്), ഡോ. ജാസ്‌മിൻ (ആയുർവേദ കോളജ്, തിരുവനന്തപുരം), സൗഫിയ. മൃതദേഹം ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റുവൈസ് മഖ്ബറയിൽ ഖബറടക്കി.


