ലങ്കി മറിഞ്ഞ് പുതുനാരികൾ, കസവണിഞ്ഞ പുയ്യാപ്ലമാർ; ജോറായി ‘കോഴിക്കോടൻസ് കാനോത്ത് രാവ്’
text_fieldsകോഴിക്കോടൻസ് റിയാദിലൊരുക്കിയ മലബാർ കല്യാണത്തിന്റെ പുനരാവിഷ്കാരമായ ‘കാനോത്ത് രാവ്’ കാഴ്ച
റിയാദ്: എൺപതുകളിലെ കോഴിക്കോട്ടെ കല്യാണരാവ് റിയാദിൽ പുനരാവിഷ്കരിച്ച് കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’. പനയോലയിൽ തീർത്ത കവാടവും അക്കാലത്തെ തുണിപ്പന്തലും തിളങ്ങാൻ മിന്നികത്തുന്ന മാലവിളക്കും.
അതിഥികളായെത്തുന്നവരെ സ്വീകരിക്കാൻ സോഡാകുപ്പിയിൽ നാരങ്ങാവെള്ളവും എല്ലാമായി അക്ഷരാർഥത്തിൽ പഴയകാലത്തിലേക്കൊരു തിരിച്ചുപോക്കൊരുക്കിയാണ് കോഴിക്കോടൻസ് കല്യാണരാവ് അവിസ്മരണീയമാക്കിയത്.
എരഞ്ഞോളി മൂസയും കണ്ണൂർ ശരീഫും രഹനയും കണ്ണൂർ സീനത്തും ഷാഫി കൊല്ലവുമെല്ലാം അന്തരീക്ഷത്തിൽ ഇടവിടാതെ ഈരടികൾ തീർത്തുകൊണ്ടിരുന്നു.
കോഴിക്കോടൻസ് റിയാദിലൊരുക്കിയ മലബാർ കല്യാണത്തിന്റെ പുനരാവിഷ്കാരമായ ‘കാനോത്ത് രാവ്’ കാഴ്ചകൾ
പന്തലിൽ പ്രത്യേകം സജ്ജമാക്കിയ കതിർമണ്ഡപത്തിൽ വിവാഹം പുതുക്കാൻ മൈലാഞ്ചി കൈകളിൽ മലർ മുല്ല ചെണ്ടുകളുമായി മൊഞ്ചത്തിമാർ, മഴവില്ലഴകുള്ള മധുരചിരിയിൽ ഉറുമാല് ചെവിയിൽ ചുരുട്ടിവെച്ച് വെള്ളയും വെള്ളയുമണിഞ്ഞു (അമ്പത് വയസ്സുകടന്ന) ചെക്കന്മാരുമെത്തിയപ്പോൾ അമ്മോശനും അളിയനും കാരണവന്മാരും കാര്യസ്ഥനുമെല്ലാം പരാമ്പരാഗത വേഷത്തിലും ശരീരഭാഷയിലും വേദിയിലേക്ക് കയറി.
നിക്കാഹ് ചടങ്ങിന്റെ ഓർമപുതുക്കലിന് വേഷംകെട്ടി മൊല്ലാക്കയും വന്നു. കസവണിഞ്ഞ തട്ടമിട്ട് പുതുനാരിമാരെ കണ്ടപ്പോൾ കൈ പിടിച്ചുകയറ്റാൻ അമ്മായിമ്മമാരും ഒരുങ്ങിയിരുന്നു. ഒപ്പനയും കൈകൊട്ടിപ്പാട്ടുമായി മണവാട്ടിമാരെ വീട്ടുകാർ സ്വീകരിക്കുന്നതും പുനരാവിഷ്കരിച്ചു.
മോതിരമിടലും മാലയണിയിക്കലും മധുരംനൽകലും കാൽകഴുകലും അടക്കമുള്ള ചടങ്ങുകളൊന്നും മാറ്റിനിർത്തിയില്ല. ഒരു സമ്പൂർണ കല്യാണരാവ് തന്നെ.
മക്കൾക്ക് മുന്നിൽ വീണ്ടും മണവാട്ടിയും മണവാളനുമായി അവർ ഓർമകൾ മറവിക്കുവിടാതെ പുതുക്കിവെച്ചു.
കണ്ടുനിന്ന പുതുതലമുറക്ക് എല്ലാം കൗതുകം, ഇങ്ങനെയൊരു കാലം കടന്നുപോയെന്ന് അവർക്ക് അവിശ്വസനീയം. പഴയ കല്യാണവീഡിയോകളും ഫോട്ടോകളും ചേർത്ത് പ്രത്യേക പ്രദർശനവും ഒരുക്കി. മുൻകാലങ്ങളിൽ മലബാറിലുണ്ടായിരുന്ന കുറിക്കല്യാണവും പുനരാവിഷ്കരിച്ചത് സൂക്ഷ്മതയുടെ കാര്യത്തിൽ വിട്ടുവീഴ്ച അനുവദിക്കാത്ത സംഘാടകരുടെ ബ്രില്യൻസായി.
കഴിച്ചിറങ്ങുന്നവർക്ക് മുറുക്കാൻ വെറ്റിലയും അടക്കയും കത്തിക്കാൻ ബീഡിയും വായിലിട്ട് ചവക്കാൻ റോജാ പാക്കും ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും കോഴിക്കോടൻ അലുവയും എല്ലാം നാട്ടിൽനിന്ന് കല്യാണരാവിനായി വരുത്തിയതാണ്.
കോഴിക്കോടൻസ് കല്യാണരാവ് പോലുള്ള ഗൃഹാതുര ഓർമകളെ പുനർജീവിപ്പിച്ചുകൊണ്ട് പ്രവാസ ദിനങ്ങൾ മടുപ്പിനും മരവിപ്പിനും വിട്ടുകൊടുക്കാതെ സർഗാത്മകമായി ആഘോഷിക്കുകയാണ് .
കോഴിക്കോടൻസ് വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവമാണ്. ചീഫ് ഓർഗനൈസർ കബീർ നല്ലളം, പ്രോഗ്രാം ചെയർമാൻ ഹർഷദ് ഫറൂഖ്, പ്രോഗ്രാം കൺവീനർ വി.കെ.കെ. അബ്ബാസ്, റാഫി കൊയിലാണ്ടി, ഫൈസൽ പുനൂർ, മുനീബ് പാഴുർ, മുഹിയുദ്ദീൻ സഹീർ, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി, ഷമീം മുക്കം, പ്രഷീദ് തൈക്കൂട്ടത്തിൽ, ലത്തീഫ് കാരന്തൂർ, നിബിൻ കൊയിലാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.