Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആശങ്കകളെ കടലെടുത്തു,...

ആശങ്കകളെ കടലെടുത്തു, ലോഞ്ചുകൾ എത്തിത്തുടങ്ങി; ഖത്തീഫിൽ ഇനി ചെമ്മീൻ ചാകര

text_fields
bookmark_border
ആശങ്കകളെ കടലെടുത്തു, ലോഞ്ചുകൾ എത്തിത്തുടങ്ങി; ഖത്തീഫിൽ ഇനി ചെമ്മീൻ ചാകര
cancel
camera_alt

ചെമ്മീൻ സീസൺ ആയതോടെ ഖത്തീഫിലെ മത്സ്യബന്ധന, വിപണന കേന്ദ്രങ്ങൾ സജീവമായപ്പോൾ

ദമ്മാം: ആഴക്കടലിൽനിന്ന് ലോഞ്ചുകൾ തിരിച്ചെത്തിത്തുടങ്ങിയതോടെ ആശങ്കകൾക്ക് വിരാമമിട്ട് ഖത്തീഫിൽ ഈ വർഷത്തെ ചെമ്മീൻ സീസൺ സജീവമാകുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആദ്യ ലോഞ്ചുകൾ തീരമണഞ്ഞത്. അടുത്ത സംഘം ബുധനാഴ്ച എത്തുന്നതോടെ ഖത്തീഫിലെ മത്സ്യവിപണിയിൽ പുത്തനുണർവ് പ്രതിഫലിക്കും.

ആറുമാസത്തെ ട്രോളിങ്​ നിരോധനം ജൂലൈ 31-ന് അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ, അതിർത്തി തർക്കങ്ങൾ, കടുത്ത ചൂട് എന്നിവ ഉൾക്കടലിലെ ചെമ്മീൻ വേട്ടയെ ബാധിക്കുമെന്ന ഭയത്താൽ തുടക്കത്തിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും വലിയ ആവേശമുണ്ടായിരുന്നില്ല. കടുത്ത ആശങ്കകൾ തന്നെ മൂടിക്കെട്ടി നിന്നിരുന്നു.

എന്നാൽ, ദിവസങ്ങൾ പിന്നിട്ടതോടെ വിപണി പ്രതീക്ഷ വീണ്ടെടുത്തു. ആദ്യ ദിവസങ്ങളിൽ രാത്രി കടലിൽ പോയി പിറ്റേന്ന് ഉച്ചയോടെ മടങ്ങുന്ന ‘തറാത്ത്’ ബോട്ടുകൾ മാത്രമാണ് എത്തിയിരുന്നത്. എന്നാൽ ലോഞ്ചുകൾ കൂടി മടങ്ങിയെത്തിയതോടെ ഖത്തീഫ് ഗവർണറേറ്റിലെ ഫിഷ് ഐലൻഡ് സെൻട്രൽ ഫിഷ് മാർക്കറ്റ് അടക്കമുള്ള വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വ്യാപാരം സജീവമായതോടെ ലേലത്തിലും വൻ പങ്കാളിത്തമുണ്ട്. ചൊവ്വാഴ്ച ചെറിയ ചെമ്മീൻ ബോക്സിന് 400 റിയാലും, ഇടത്തരം ചെമ്മീന് 600 റിയാലും, വലിയ ചെമ്മീന് 1030 റിയാലുമായിരുന്നു വില. വെള്ള, ചുവപ്പ്, തവിട്ട് തുടങ്ങി വിവിധ ഇനം ചെമ്മീനുകൾ ഇപ്പോൾ ലഭ്യമാണ്. സെപ്റ്റംബർ മുതൽ വലിയ വലുപ്പത്തിലുള്ള ചെമ്മീനുകൾ കൂടുതലായി വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു.

അറേബ്യൻ ഉൾക്കടലിലെ സൗദി കടലതിർത്തിക്കുള്ളിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള സീസൺ 2027 ജനുവരി അവസാനം വരെ തുടരുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തി​െൻറ കിഴക്കൻ പ്രവിശ്യാ ശാഖ അറിയിച്ചു. സൗദി വിഷൻ 2030-​െൻറ ഭാഗമായി ഫിഷറീസ് മേഖല ശക്തിപ്പെടുത്തുന്നതോടൊപ്പം ഭക്ഷ്യസുരക്ഷ, സുസ്ഥിരത, തൊഴിലവസരങ്ങൾ എന്നിവയും മന്ത്രാലയം ലക്ഷ്യമിടുന്നു. തുറമുഖങ്ങൾ സർവ്വസജ്ജമാണെന്നും തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഡിജിറ്റൈസ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഗുണനിലവാരം ഉറപ്പാക്കാൻ തുറമുഖങ്ങളിലും മാർക്കറ്റുകളിലും ശക്തമായ പരിശോധന നടക്കും.

മലയാളികൾ, ബംഗാളികൾ, സിറിയക്കാർ, സ്വദേശികൾ എന്നിവരടങ്ങുന്ന വലിയൊരു തൊഴിലാളി സമൂഹമാണ് ഖത്തീഫ് മാർക്കറ്റിലുള്ളത്. അവധി കഴിഞ്ഞ് തൊഴിലാളികൾ തിരിച്ചെത്തിയതോടെ വിപണി പൂർണസജ്ജമായി. ചെമ്മീൻ വിപണിയിലെ ഉണർവ് സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഖത്തീഫിൽ ജോലി ചെയ്യുന്ന മലയാളി എഴുത്തുകാരൻ സഈദ് ഹമദാനി അഭിപ്രായപ്പെട്ടു.

Show Full Article
TAGS:Saudi Arabia Qatif shrimp season fish market 
News Summary - Launches have started arriving; Shrimp Chakara now available in Qatif
Next Story