തദ്ദേശത്തിൽ വിജയം കൊയ്ത് ജിദ്ദയിലെ മുൻ പ്രവാസികൾ
text_fieldsജിദ്ദ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയം കൊയ്തവരിൽ ജിദ്ദയിെല മുൻ പ്രവാസികളും. നിരവധി പേർ ഇത്തവണ ജനവിധി തേടിയിരുന്നത് നേരത്തേ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ കെ.എം.സി.സിക്കാരാണ് കൂടുതലായി ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്.
കെ.എം.സി.സി വിജയികൾ
കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് ചെയർമാനായിരുന്ന ജലീൽ ഒഴുകൂർ മലപ്പുറം മൊറയൂർ പഞ്ചായത്ത് 20ാം വാർഡിൽ 309 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജിദ്ദ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി അംഗമായിരുന്ന എൻ.പി സിക്കന്ദർ പരപ്പനങ്ങാടി നഗരസഭ നാലാം ഡിവിഷനിൽ 143 വോട്ടുകൾക്ക് വിജയിച്ചു. ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് ഭാരവാഹിയായിരുന്ന നൗഷാദ് ചേരൂർ, കണ്ണമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ 390 ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വാഴക്കാട് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി 275 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അബ്ദുൽകരീം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ഭാരവാഹിയായിരുന്നു. അതേ പഞ്ചായത്തിൽ 11ാം വാർഡിൽ 469 ഭൂരിപക്ഷത്തിൽ വിജയിച്ച മുനീർ പുളിയേക്കലും കെ.എം.സി.സി മുൻ പ്രവർത്തകനാണ്. ജിദ്ദ കോഴിക്കോട് ജില്ല മുൻ ഭാരവാഹിയായിരുന്ന കെ.പി. മുഹമ്മദ് കോഴിക്കോട് ജില്ല പഞ്ചായത്ത് ചേളന്നൂർ ഡിവിഷനിൽ 7,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ജിദ്ദ അലഗ ഏരിയ മുൻ പ്രസിഡൻറ് അബ്ദുൽ സലാം പാറ, കാവനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ 309 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. ജിദ്ദ ബാബ് മക്ക ഏരിയ മുൻ ജനറൽ സെക്രട്ടറി സഹീർ മച്ചിങ്ങൽ, ആനക്കയം പഞ്ചായത്തിലെ 21-ാം വാർഡിൽ 372 വോട്ടുകൾക്ക് വിജയിച്ചു. ജിദ്ദ കീഴുപറമ്പ് പഞ്ചായത്ത് ഭാരവാഹിയായിരുന്ന മാട്ടത്തൊടി അബ്ദു കീഴുപറമ്പ് പഞ്ചായത്ത് ഒന്നാം വാർഡിൽ 136 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.എം.സി.സി ജിദ്ദ വനിതാ വിഭാഗം മുൻ പ്രവർത്തക ചൊക്ലി യുസൈറ ടീച്ചർ, പെരുവള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ 104 വോട്ടിെൻറ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു.
ജിദ്ദ ശറഫിയ ഏരിയ, പെരിന്തൽമണ്ണ മണ്ഡലം കമ്മറ്റികളിൽ അംഗമായിരുന്ന പി.ടി. അബ്ദുൽ നാസർ വെട്ടത്തൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കേവലം ആറ് വോട്ടുകൾക്കും ജിദ്ദ അമ്മാരിയ്യ ഏരിയ പ്രസിഡൻറായിരുന്ന ജാഫർ നീറ്റുകാട്ടിൽ വളാഞ്ചേരി നഗരസഭയിലെ മൂച്ചിക്കൽ ഡിവിഷനിൽ മുസ്ലിംലീഗ് വിമതനായി കേവലം എട്ട് വോട്ടുകൾക്കും പരാജയപ്പെട്ടു.
ഒ.ഐ.സി.സിക്കാരും ഏറെ
ജിദ്ദയിലെ ഒ.ഐ.സി.സി പ്രവർത്തകരായിരുന്നവരും വിജയിച്ചവരുടെ കൂട്ടത്തിലുണ്ട്. മുൻ ഗ്ലോബൽ സെക്രട്ടറിയും വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറുമായിരുന്ന കെ.എം. ശരീഫ് കുഞ്ഞു ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്ത് എട്ടാം വാർഡിൽ 13 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. ജിദ്ദ കൊല്ലം ജില്ലാ മുൻ പ്രസിഡൻറായിരുന്ന മണലുവട്ടം സനോഫർ ഇട്ടിവ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ 29 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അംഗമായിരുന്ന തൊണ്ടിയോത്ത് കോയക്കുട്ടി വാഴയൂർ പഞ്ചായത്ത് 10ാം വാർഡിൽ 99 വോട്ടുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജിദ്ദ പോരൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്ന അബ്ദുൽ ഷുക്കൂർ നീലേങ്ങാടൻ, പോരൂർ പഞ്ചായത്തിലെ 10ാം വാർഡിൽ 150 വോട്ടുകൾക്ക് വിജയിച്ചു. ശറഫിയ കമ്മിറ്റി അംഗമായിരുന്ന ജിംഷാദ് മൂച്ചിക്കൽ കാളികാവ് പഞ്ചായത്ത് 20ാം വാർഡിൽ 105 വോട്ടുകൾക്കും വിജയിച്ചു. ജിദ്ദയിൽ ഒ.ഐ.സി.സി പ്രവർത്തകനായിരുന്ന മുജീബ് മുല്ലപ്പള്ളി, എടരിക്കോട് പഞ്ചായത്ത് നാലാം വാർഡിൽ 63 വോട്ടുകൾക്ക് എസ്.ഡി.പി.ഐ സ്ഥാനാർഥിയെയാണ് തോൽപിച്ചത്.
15 വർഷത്തോളം ജിദ്ദയിൽ ഒ.ഐ.സി.സി പ്രവർത്തകനായിരുന്ന കുണ്ടുകാവിൽ സൈനുദ്ദീൻ കരുവാരകുണ്ട് പഞ്ചായത്തിൽ നാലാം വാർഡിൽ കേവലം രണ്ട് വോട്ടുകൾക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നവോദയ പ്രവർത്തകരും
ജിദ്ദയിൽനിന്ന് നവോദയ, പ്രവാസി വെൽഫെയർ സംഘടന നേതാക്കളും പ്രവർത്തകരുമായിരുന്ന വരും മത്സരരംഗത്തുണ്ടായിരുന്നു. ഇവരിൽ നവോദയ പ്രവർത്തകനായിരുന്ന സി.പി. മുഹമ്മദ് കുട്ടി, കരുളായി പഞ്ചായത്തിലെ കാലംകുന്ന് വാർഡിൽ 201 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. നവോദയ വനിത വേദി മുൻ കൺവീനർ ജുമൈല അബു, എഴുത്തുകാരി സക്കീന ഓമശ്ശേരി തുടങ്ങിയവർ സ്ഥാനാർഥികളായിരുന്നെങ്കിലും പരാജയപ്പെട്ടു.


