Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെഡ് സീ അന്താരാഷ്ട്ര...

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമ ‘ലോസ്റ്റ് ലാൻഡ്’

text_fields
bookmark_border
റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമ ‘ലോസ്റ്റ് ലാൻഡ്’
cancel
camera_alt

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവ അവാർഡ് ജേതാക്കൾ

ജിദ്ദ: ഈ വർഷത്തെ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമക്കുള്ള ഗോൾഡൻ യുസ്ര് പുരസ്കാരം റോഹിങ്ക്യൻ ഭാഷയിൽ പൂർണമായും ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിമായ ‘ലോസ്റ്റ് ലാൻഡ്’ നേടി. ജാപ്പനീസ് ചലച്ചിത്രകാരനായ അക്കിയോ ഫുജിമോട്ടോ സംവിധാനം ചെയ്ത ഈ ചിത്രം, മ്യാൻമറിൽ പീഡനം കാരണം പലായനം ചെയ്യുന്ന ഒമ്പത് വയസ്സുകാരിയായ സോമിരയുടെയും അവളുടെ ഇളയ സഹോദരൻ ഷാഫിയുടെയും കഥയാണ് പറയുന്നത്.

ആന്റണി ഹോപ്കിൻസ് ചടങ്ങിൽ സംസാരിക്കുന്നു

കള്ളക്കടത്തുകാരും ചൂഷണവും നിറഞ്ഞ ലോകത്തിലൂടെ മലേഷ്യയിലേക്ക് ഇവർ നടത്തുന്ന ഭീകരമായ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. വെനീസ് ചലച്ചിത്രോത്സവത്തിലെ ഒറിസോണ്ടി വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് പ്രഫഷനൽ അല്ലാത്ത അഭിനേതാക്കളാണ്. റെഡ് സീ മത്സര വിഭാഗം ജൂറിയുടെ അധ്യക്ഷനായ ഷോൺ ബേക്കറിൽ നിന്നാണ് സംവിധായകൻ അക്കിയോ ഫുജിമോട്ടോ പുരസ്കാരം ഏറ്റുവാങ്ങിയത്. നദീൻ ലബാക്കി, ഓൾഗ കുര്യലെങ്കോ, നവോമി ഹാരിസ് എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.

സൽമാൻ ഖാൻ, ഇദ്രിസ് എൽബയെ ആദരിച്ചപ്പോൾ

സിൽവർ യുസ്ര് ഫീച്ചർ ഫിലിം പുരസ്കാരം ചെരിയൻ ദാബിസ് സംവിധാനം ചെയ്ത ‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’ നേടിയപ്പോൾ, ‘ഹിജ്‌റ’ (സംവിധാനം: ഷാഹദ് അമീൻ) യുസ്ര് ജൂറി പ്രൈസിനും സൗദി ഫിലിമിനുള്ള അൽഉല ഓഡിയൻസ് അവാർഡിനും അർഹമായി. 'യൂനാൻ' എന്ന ചിത്രത്തിന്റെ സംവിധാനത്തിന് അമീർ ഫാഖർ എൽദിൻ മികച്ച സംവിധായകനായും, അതേ ചിത്രത്തിലെ പ്രകടനത്തിന് ജോർജ് ഖബ്ബാസ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ‘ദി വേൾഡ് ഓഫ് ലവ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സിയോ സു-ബിൻ മികച്ച നടിക്കുള്ള യുസ്ര് പുരസ്കാരം നേടി.

‘എ സാഡ് ആൻഡ് ബ്യൂട്ടിഫുൾ വേൾഡ്’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ സിറിൽ ആരിസും ബെയ്ൻ ഫാക്കിഹും മികച്ച തിരക്കഥാകൃത്തുക്കളായി. കൂടാതെ, ജൂലിയറ്റ് ബിനോഷെ സംവിധാനം ചെയ്ത ‘ഇൻ-ഐ ഇൻ മോഷൻ’ മികച്ച ഡോക്യുമെന്ററിക്കുള്ള അഷാർക്ക് പുരസ്കാരം നേടി. ‘കൊയോട്ടിസ്’ എന്ന ഹ്രസ്വചിത്രത്തിന് ഗോൾഡൻ യുസ്ര് ലഭിച്ചപ്പോൾ, മുഹമ്മദ് സിയാം സംവിധാനം ചെയ്ത ‘മൈ ഫാദേഴ്സ് സെന്റ്’ സൗദി ഇതര സിനിമയ്ക്കുള്ള അൽഉല ഓഡിയൻസ് അവാർഡ് നേടി.

വ്യാഴാഴ്ച്ച രാത്രി നടന്ന പ്രൗഢഗംഭീര അവാർഡ് പ്രഖ്യാപനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നടീ നടന്മാരും, മറ്റു ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. അന്താരാഷ്ട ചലച്ചിത്ര ഐക്കണുകളായ ഇദ്രിസ് എൽബ, ഡാരൻ അരനോഫ്‌സ്‌കി, ആന്റണി ഹോപ്കിൻസ് എന്നിവർക്ക് ഓണററി അവാർഡുകൾ നൽകിക്കൊണ്ടാണ് പുരസ്കാര വിതരണ ചടങ്ങ് ആരംഭിച്ചത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനാണ് ഇദ്രിസ് എൽബയെ ചടങ്ങിൽ ആദരിച്ചത്. ഡിസംബർ 13 നാണ് ചലച്ചിത്ര മേളയുടെ ഔദ്യോഗിക സമാപനം.

Show Full Article
TAGS:Red Sea International Film Festival Awards Japanese filmmaker Idris Elba. film news 
News Summary - 'Lost Land' wins best film at Red Sea International Film Festival
Next Story