അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു
text_fieldsറിയാദ്: നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്.
സൗദി വടക്കൻ അതിർത്തി പ്രവിശ്യയായ അൽ ജൗഫിലെ മൈഖോവ എന്ന സ്ഥലത്ത് മെക്കാനിക്കായാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിൽ പോയതാണ്. റിയാദിൽ ഇറങ്ങിയ ശേഷം കണക്ഷൻ വിമാനത്തിൽ 1100 കിലോമീറ്ററകലെയുള്ള അൽജൗഫിലേക്ക് പോകാനായിരുന്നു പദ്ധതി. തിങ്കളാഴ്ച രാത്രി കൊച്ചിയിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് വന്നത്.
ചൊവ്വാഴ്ച രാവിലെ റിയാദിൽ വിമാനമിറങ്ങി. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ ആ വിമാനം ലഭിച്ചില്ല. തുടർന്ന് ബസിൽ പുറപ്പെടാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് എയർപ്പോർട്ടിൽ വെച്ച് തന്നെ കുഴഞ്ഞുവീണത്. ഉടൻ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണം സ്ഥിരീകരിച്ച് മൃതദേഹം അവിടെ നിന്നും റിയാദിലെ ശുമൈസി ആശുപത്രിയിലിലേക്ക് മാറ്റി. അൽ ജൗഫിലെ മൈഖോവയിൽ 30 വർഷമായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. നിയമ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.