മലയാളി തീർഥാടകർ മിനായിലേക്ക്; വഴികാട്ടിയായി 90 വളൻറിയർമാരും വനിതാ ഇൻസ്പെക്ടർമാരും
text_fieldsമക്ക: ഈ വർഷത്തെ പുണ്യ ഹജ്ജ് കർമങ്ങൾക്കായി 20,000-ത്തോളം മലയാളി തീർഥാടകർ പുണ്യ ഭൂമിയിൽ ഒത്തുചേർന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയിൻറുകളിൽ നിന്നായി എത്തിയ 13,194 പേരും, സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ 5000-ത്തിലധികം തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രോഗങ്ങൾ ബാധിച്ച് സ്വകാര്യ ഗ്രൂപ്പുകളിലെ നാല് തീർഥാടകരും, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഒരു തീർഥാടകയും മക്കയിലും മദീനയിലുമായി മരിച്ചിരുന്നു. ബാക്കിയുള്ള തീർഥാടകരാണ് ഇപ്പോൾ ഹജ്ജ് കർമങ്ങളിൽ പങ്കാളികളാകുന്നത്. ഞായറാഴ്ച രാത്രി മുതൽ തന്നെ ഹാജിമാരെ ബസ് മാർഗം മിനായിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ മുഴുവൻ തീർഥാടകരെയും മിനായിൽ എത്തിക്കാനാണ് ക്രമീകരണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർക്ക് തുണയായി പൊലീസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ മേഖലകളിൽ നിന്നുള്ള 90 അംഗ വളൻറിയർ സംഘം ഒപ്പമുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച ഈ സംഘത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അസീം സൈദ് കുഞ്ഞാണ്.
ഹജ്ജിെൻറ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ശനിയാഴ്ച പ്രത്യേക അവലോകന യോഗം ചേർന്നിരുന്നു. സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുമായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് ഐ.എ.എസ് യോഗത്തിൽ കാര്യങ്ങൾ വിലയിരുത്തി.
കഠിനമായ ചൂട് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തീർഥാടകർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങളും ക്ലാസുകളും നൽകിയാണ് ഹജ്ജ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇത്തവണ പുരുഷ തുണയില്ലാതെ (വിത്തൗട്ട് മഹ്റം) 4,200 ഓളം വനിതാ തീർഥാടകർ ഹജ്ജിനെത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
ഇവർക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകാൻ നാട്ടിൽ നിന്നെത്തിയ 21 വനിതാ വളൻറിയർമാരും ഒപ്പമുണ്ട്. ബിജിലിയാണ് ഈ വനിതാ സംഘത്തിന് നേതൃത്വം നൽകുന്നത്. 150 ഹാജിമാർക്ക് ഒരു ഹജ്ജ് ഇൻസ്പെക്ടർ എന്ന തോതിലാണ് ഈ വിഭാഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്.
രോഗബാധിതരാകുന്നവർക്ക് കൂട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഈ ഇൻസ്പെക്ടർമാരുടെ സജീവ മേൽനോട്ടമുണ്ട്. നാട്ടിലുള്ള ബന്ധുക്കൾ വിവരങ്ങൾ അന്വേഷിക്കുന്നതും ഇവരുമായാണ്. തങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഹാജിമാർ പരിഗണിക്കുന്നതെന്ന് വനിതാ ഇൻസ്പെക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. മക്തബ് 35-ന് കീഴിലാണ് ഈ വിഭാഗത്തിലെ മുഴുവൻ ഹാജിമാരെയും താമസിപ്പിച്ചിരിക്കുന്നത്.
ഭൂരിഭാഗം മലയാളി ഹാജിമാരും പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കായി മഷായിർ മെട്രോ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇതിനുപുറമെ ആയിരത്തോളം ഹാജിമാർക്കായി പ്രത്യേക ബസ് സർവീസുകളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.


