അൽ അഹ്സയിൽ ഹോം ഡെലിവറി ബൈക്ക് ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ മംഗലാപുരം സ്വദേശി മരിച്ചു
text_fieldsഗണേശ് കുമാർ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഹോം ഡെലിവറി ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ കർണാടക, മംഗലാപുരം സ്വദേശി മരിച്ചു. അൽ അഹസയിലെ ഹുഫൂഫിൽ സെൻട്രൽ ഫിഷ് മാർക്കറ്റിൽ 20 വർഷമായി ജോലി ചെയ്യുന്ന ഗണേശ് കുമാർ ആണ് മരിച്ചത്. ഹോം ഡെലിവറി സർവിസ് നടത്തുന്ന ഒരു കമ്പനിയിലെ ഡെലിവറി ബോയ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് നിലത്തു വീഴുകയായിരുന്നു.
തലക്ക് സാരമായ പരിക്ക് പറ്റിയ ഗണേശ് കുമാറിനെ ഹസയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ചികിത്സ അതേ ആശുപത്രിയിൽ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഇരുപത് വർഷമായി അടുത്ത ബന്ധു ജയന്റെ കടയിലാണ് ജോലി ചെയ്യുന്നത്. സഹോദരങ്ങളും ഇതേ കടയിൽ ജോലി ചെയ്യുന്നവരാണ്. ഭാര്യയും രണ്ടു പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് ഗണേഷിന്റെ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ അൽ അഹ്‌സ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. എല്ലാവരോടും നല്ല നിലയിൽ പെരുമാറിയിരുന്ന ഗണേഷ് കുമാറിന്റെ മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.


