ജിദ്ദയിൽ വൻ പുകയില വേട്ട: 16 ടൺ ഉൽപന്നങ്ങൾ നശിപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ജിദ്ദ: തെക്കൻ ജിദ്ദയിലെ അൽഖുംറയിലുള്ള ഒരു ഗോഡൗണിൽ നഗരസഭ നടത്തിയ റെയ്ഡിൽ ഉറവിടം വ്യക്തമല്ലാത്ത 16,450 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു. പുകയില പൊടിച്ച് പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഈ നിയമവിരുദ്ധ കേന്ദ്രത്തിൽ, യാതൊരുവിധ അനുമതിയുമില്ലാതെ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാനും മാലിന്യ ബാഗുകൾ നിർമിക്കാനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
മോണിറ്ററിങ് ആൻഡ് അഡ്രസ്സിങ് നെഗറ്റീവ് ഫിനോമിന ഡയറക്ടർ ജനറലായ യാസർ ബിൻ സിറാജ് ബക്ഷ് ആണ് റെയ്ഡിെൻറ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ഫീൽഡ് ടീമുകൾ നടത്തിയ പരിശോധനയിൽ പുകയില സംസ്കരണത്തിനുള്ള വലിയ യന്ത്രസാമഗ്രികളും തൊഴിലാളികൾക്ക് താമസിക്കാനുള്ള രണ്ട് മുറികളും ഗോഡൗണിൽ കണ്ടെത്തി.
അസംസ്‌കൃത പുകയിലയ്ക്ക് പുറമെ, വിപണിയിലിറക്കാൻ പാകത്തിൽ 50 ഗ്രാം വീതം പായ്ക്ക് ചെയ്ത 450 ബാഗ് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. നിയമലംഘകർക്കെതിരെയുള്ള പ്രാഥമിക നടപടികൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. ഇതേ കേന്ദ്രത്തിൽ ഒരു പ്രമുഖ ട്രേഡ് നെയിം പ്രിൻറ് ചെയ്ത് നിർമിച്ചിരുന്ന മാലിന്യ ബാഗുകൾ കണക്കെടുത്ത് ‘സസ്റ്റൈനബിലിറ്റി അസോസിയേഷൻ ഫോർ ദി പ്രിസർവേഷൻ ഓഫ് ബ്ലെസ്സിങ്സ്’ എന്ന ചാരിറ്റി സംഘടനയ്ക്ക് കൈമാറി.
നിലവിൽ സീൽ ചെയ്ത ഈ സ്ഥാപനം പൂർണമായി അടച്ചുപൂട്ടാൻ ഗോഡൗൺ ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ക്രമക്കേടുകൾക്കെതിരെ പരിശോധന ശക്തമായി തുടരുമെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബലദി’ ആപ്പ് വഴിയോ 940 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും നഗരസഭ അഭ്യർത്ഥിച്ചു.


