റിയാദിൽ രുചിപ്പൂരമൊരുക്കി ‘മീഡിയവൺ സ്റ്റാർ ഷെഫ് സീസൺ 2’
text_fieldsമീഡിയ വൺ സ്റ്റാർ ഷെഫ് സീസൺ 2 വിജയി കണ്ണൂർ മടക്കര സ്വദേശിനി സുനൈദ അസീസ് സമ്മാനം സ്വീകരിക്കുന്നു
റിയാദ്: ഭക്ഷണപ്രിയർക്ക് ആവേശവും വേറിട്ട രുചിയനുഭവങ്ങളും സമ്മാനിച്ച ‘മീഡിയവൺ സ്റ്റാർ ഷെഫ് സീസൺ 2’ റിയാദ് എഡിഷൻ മലസ് ലുലു ഹൈപ്പർ മാർക്കറ്റ് റൂഫ് ടോപ്പ് അറീനയിൽ സമാപിച്ചു. അന്താരാഷ്ട്ര ഷെഫുകളുടെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ തത്സമയം വിഭവങ്ങൾ തയ്യാറാക്കിയും പ്രദർശിപ്പിച്ചുമാണ് മത്സരങ്ങൾ അരങ്ങേറിയത്.
മുതിർന്നവർക്കായി സ്റ്റാർ ഷെഫ്, കേക്ക് നിർമാണം എന്നിവയും കുട്ടികൾക്കായി ജൂനിയർ ഷെഫ്, ലിറ്റിൽ പിക്കാസോ ചിത്രരചന മത്സരങ്ങളും ഇതിനൊപ്പം സംഘടിപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ നടന്ന പൊറാട്ട തീറ്റ മത്സരമായിരുന്നു പ്രധാന ആകർഷണം. പ്രവാസി വീട്ടമ്മമാരുടെ പാചക നൈപുണ്യം മാറ്റുരച്ച സ്റ്റാർ ഷെഫ് മത്സരത്തിൽ കണ്ണൂർ മടക്കര സ്വദേശിനി സുനൈദ അസീസ് തയ്യാറാക്കിയ ‘ചെമ്മീൻ ചുരുട്ടി വറ്റിച്ച’ സവിശേഷ വിഭവം ഒന്നാം സ്ഥാനത്തിന് അർഹമായി. സമ്മാനമായി ഗോൾഡ് കോയിനും പ്രശംസാപത്രവും മറ്റ് ആകർഷകമായ സമ്മാനങ്ങളും ഇവർക്ക് ലഭിച്ചു.
കർണാടക സ്വദേശിനി അമീറ സൈനബയുടെ ‘ശൂഷി ഫ്യൂഷൻ ബിരിയാണി’ രണ്ടാം സ്ഥാനവും, പാകിസ്താനിലെ കറാച്ചി സ്വദേശിനി അൻസില ഉബൈദ് പാകം ചെയ്ത ‘ബർമീസ് ഡിഷ്’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാർത്തിക് നായർ നാലാം സ്ഥാനം നേടിയപ്പോൾ, ജഫ്രിന ജഫ്ഷിദ്, സീന നാസർ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശം നേടി. വീട്ടമ്മമാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തരം വേദികൾ വലിയ പ്രചോദനമാണെന്ന് വിജയികൾ പ്രതികരിച്ചു.
വിജയികൾക്കുള്ള ക്യാഷ് പ്രൈസും മറ്റ് പുരസ്കാരങ്ങളും മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സ്വവാബ് അലി, പ്രശസ്ത അന്താരാഷ്ട്ര ഷെഫുകളായ സുരേഷ് പിള്ള, രാജ് കലേഷ്, ഫജീദ, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സിദ്ദിഖ് ജമാൽ, കൺവീനർ ഷാനിദ് അലി, അഷ്റഫ് കൊടിഞ്ഞി, ഷാനവാസ് (കാൻറീൻ റെസ്റ്റോറൻറ്), ജയ് മസാല മിഡിലീസ്റ്റ് ഓപ്പറേഷൻ ഹെഡ് വിജയ് രാജ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വൻ കരഘോഷങ്ങൾക്കിടയിൽ ഷെഫ് സുരേഷ് പിള്ളയും രാജ് കലേഷും ചേർന്നാണ് പ്രധാന പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ ജൂനിയർ ഷെഫ് മത്സരത്തിൽ ഇഹാൻ ജഫ്ഷിദ് ഒന്നാം സ്ഥാനവും, ഇശാൽ കൊച്ചിബാപ്പു, അശൽ ഹുസൈൻ എന്നിവർ രണ്ടാം സ്ഥാനവും, സുഹ നുവൈർ മൂന്നാം സ്ഥാനവും നേടി.
കാണികളെ ആവേശത്തിെൻറ മുൾമുനയിൽ നിർത്തിയ പൊറാട്ട തീറ്റ മത്സരത്തിൽ ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. പതിനാലര പൊറാട്ടകൾ കഴിച്ച് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ എസ്. റഫ്ഷിദ് ഒന്നാം സ്ഥാനവും 1,000 റിയാൽ ക്യാഷ് അവാർഡും നേടി.
പതിമൂന്നര പൊറാട്ട കഴിച്ച അബ്ദുൽ ഗഫൂർ പള്ളിക്കൽ ബസാർ രണ്ടാം സ്ഥാനവും, 13 പൊറാട്ട കഴിച്ച തൃശ്ശൂർ സ്വദേശി മനാഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിലെ ഏക വനിതാ സാന്നിധ്യമായിരുന്ന സാജിന ചേളാരി നാല് പൊറാട്ടകൾ കഴിച്ച് കാണികളുടെ കൈയ്യടി നേടി. മറ്റ് മത്സരങ്ങളിൽ, കേക്ക് നിർമാണത്തിൽ നീതു അനൂപ്, എസ്. അലിഷ, നുസ്റത്ത് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.
കുട്ടികൾക്കായുള്ള ലിറ്റിൽ പിക്കാസോ ചിത്രരചനാ മത്സരത്തിൽ ശ്രിയ പാർവതി, കെ.ആർ. റിഷാൻ, റയാൻ അലി എന്നിവരും, കളറിങ് മത്സരത്തിൽ മാഹിറ സദഫ്, ഇനായ ജുനൈദ്, ഹജീറ ജിഹാദ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടികൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് ദിൽഷാദിെൻറ നേതൃത്വത്തിൽ മെഹ്ഫിൽ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും അരങ്ങേറി.
മീഡിയവൺ-ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ തൗഫീഖ് റഹ്മാൻ, ഫൈസൽ കൊല്ലം, ഹാഫിസ് ശിവപുരം, റിഷാദ് എളമരം, അബ്ദുറഹ്മാൻ മൗണ്ടു, ബഷീർ രാമപുരം, അബ്ദുൽ അസീസ് വെള്ളില, ഹഫ്സത്ത്, ഷാഹിന, ആദിൽ, ഫാദിൽ, ആമിർ, മീഡിയവൺ മാർക്കറ്റിങ് ഹെഡ് ഹസനുൽ ബന്ന, മാനേജർ ഇൽയാസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
സ്റ്റാർ ഷെഫ് മേളയുടെ അനുബന്ധമായി തിങ്കളാഴ്ച രാത്രി എട്ടിന് റിയാദ് മുറബ്ബയിലെ ലുലുവിൽ വെച്ച് ദാന റാസിഖും ദുർറ റാസിഖും പങ്കെടുക്കുന്ന ‘മെഹ്കി രാത്’ സംഗീതനിശ അരങ്ങേറുമെന്ന് കൺവീനർ അറിയിച്ചു.


