മദീന ലക്ഷ്യമിടുന്നത് 2030-ഓടെ മൂന്ന് കോടി സന്ദർശകരെ
text_fieldsമദീന റീജനൽ ഡെവലപ്മെൻറ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് എൻജി. ഫഹദ് അൽ ബലൈഹിഷി ബാക്കുവിൽ നടന്ന 13ാമത് വേൾഡ് അർബൻ ഫോറത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ മുൻനിർത്തി, സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ടുള്ള ദ്രുതഗതിയിലുള്ള നഗരവികസനമാണ് മദീനയിൽ നടപ്പാക്കുന്നതെന്ന് മദീന റീജനൽ ഡെവലപ്മെൻറ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് എൻജി. ഫഹദ് അൽ ബലൈഹിഷി വ്യക്തമാക്കി. 2030-ഓടെ പ്രതിവർഷം മൂന്ന് കോടി സന്ദർശകരെ സ്വീകരിക്കുന്നതിനായി, സുസ്ഥിരവും ആധുനികവുമായ നഗരസാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.
അസർബൈജാനിലെ ബാക്കുവിൽ നടന്ന 13-ാമത് വേൾഡ് അർബൻ ഫോറത്തിെൻറ ഭാഗമായുള്ള പ്രാദേശിക-പ്രാദേശിക ഭരണകൂടങ്ങളുടെ റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം പാർപ്പിട യൂനിറ്റുകൾ നിർമിച്ച് നൽകുന്നതിലുമപ്പുറമാണ് ഇന്നത്തെ ആഗോള പാർപ്പിട വെല്ലുവിളികളെന്ന് എൻജി. ഫഹദ് അൽ ബലൈഹിഷി ചൂണ്ടിക്കാട്ടി. ജീവിതനിലവാരം ഉറപ്പാക്കുന്നതും, നഗരങ്ങളുടെ അതിജീവനശേഷിയും സുസ്ഥിരതയും വർധിപ്പിക്കുന്നതുമായ സമഗ്രമായ നഗര വ്യവസ്ഥിതികൾ കെട്ടിപ്പടുക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം. ആഗോള ലക്ഷ്യങ്ങളെ പ്രാദേശിക യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുത്തിക്കൊണ്ട്, പാർപ്പിട വെല്ലുവിളികൾ പരിഹരിക്കുന്നതിൽ മദീന മികച്ചൊരു നഗര മാതൃകയാണ് മുന്നോട്ട് വെക്കുന്നത്.
അന്താരാഷ്ട്ര പ്രതിബദ്ധതകളെ പ്രായോഗിക വികസന ഫലങ്ങളാക്കി മാറ്റാൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സ്വമേധയായുള്ള അവലോകനങ്ങൾ മദീന പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലപ്രദമായ നഗര പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ സർക്കാർ-സ്വകാര്യ മേഖലകളുടെ സംയോജിത ശ്രമങ്ങൾ അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അവയെ ആഗോള ചട്ടക്കൂടുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും അടിത്തറയാകും. നഗരങ്ങളിലെ സുരക്ഷിതത്വവും അതിജീവനശേഷിയും വർധിപ്പിക്കുന്നതിനും, ആഗോള സുസ്ഥിര വികസന പാതകളെ പിന്തുണക്കുന്നതിനുമായി നഗര നേതാക്കളും അന്താരാഷ്ട്ര സംഘടനകളും ഒത്തുചേരുന്ന 12ാമത് വേൾഡ് അർബൻ ഫോറത്തിൽ സൗദി അറേബ്യൻ പ്രതിനിധി സംഘത്തോടൊപ്പമാണ് മദീന മേഖലയും പങ്കെടുത്തത്.


