ഹജ്ജ്, ഉംറ തീർഥാടകർക്കായി മീഖാത്തുകൾ നവീകരിക്കുന്നു
text_fieldsമക്ക: ഹജ്ജിനും ഉംറക്കും മക്കയിലേക്ക് വരുന്ന തീർഥാടകർക്ക് 'ഇഹ്റാം' ചെയ്യാൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളായി അറിയപ്പെടുന്ന മീഖാത്തുകൾ കാലോചിതമായി നവീകരിക്കാൻ പദ്ധതിയൊരുങ്ങുന്നു. തീർഥാടകരുടെ വർധിച്ച സാന്നിധ്യം അനുഭവപ്പെടുന്ന മിഖാത്തുകൾ കൂടുതൽ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു പ്രധാന വികസന പ്രക്രിയയിലൂടെ കടന്നു പോകുന്നുവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങൾക്കുമുള്ള റോയൽ കമീഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ മീഖാത്തുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നിരന്തരം വർധിച്ചുവരുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ചുള്ള സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ വഴി ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഹജ്ജ്, ഉംറ തീർഥാടനത്തിന്റെ പ്രധാന കർമങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പായി പുരുഷൻ വെള്ള വസ്ത്രം ധരിച്ച് ഒരുങ്ങുന്ന ആദ്യകർമമായ 'ഇഹ്റാം' ചെയ്യാൻ നിശ്ചയിക്കപ്പെട്ട ഇടങ്ങളാണ് മീഖാത്തുകൾ എന്നറിയപ്പെടുന്നത്. കഴിഞ്ഞ ഹജ്ജ് സീസണിൽ മീഖാത്തുകളിൽ തീർഥാടകരുടെ കാത്തിരിപ്പ് സമയം 80 ൽ നിന്ന് 39 മിനിറ്റായി കുറക്കുന്നതിനും മികച്ച സേവനങ്ങൾ നൽകാനും കഴിഞ്ഞതായി വിലയിരുത്തുന്നു. സന്ദർശകർ നൽകിയ ഫീഡ്ബാക്കിലെ പ്രതികരണങ്ങളിലും സേവന മികവ് ചൂണ്ടിക്കാണിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ചില മീഖാത്തുകളിൽ ഇതിനകം പൂർത്തിയായ വൈവിധ്യമാർന്ന പദ്ധതികൾ വിജയിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. ആഭ്യന്തര ഗതാഗതം പുനഃക്രമീകരിക്കുന്നതിലും പ്രാർഥന മേഖലകൾ വികസിപ്പിക്കുന്നതിലും സേവന സൗകര്യങ്ങൾ നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഖർനുൽ മനാസിൽ എന്നറിയപ്പെടുന്ന മീഖാത്തിൽ പദ്ധതികൾ പുരോഗമിക്കുകയാണ്. മറ്റു നാലു മീഖാത്തുകളിലും സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തു ന്നതിനും ദൃശ്യഭൂപ്രകൃതി വർധിപ്പിക്കുന്നതിനും സൈറ്റിനെ പ്രധാന ഗതാഗത റൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ പൂർത്തിയാക്കിവരുകയാണ്.
സേവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും സൈറ്റിന്റെ ശേഷി വർധിപ്പിക്കുന്നതിനുമുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമാണ് നവീകരണ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് കമീഷൻ സി.ഇ.ഒ സാലിഹ് അൽ റഷീദ് പറഞ്ഞു. തീർഥാടകർക്ക് മികവുറ്റ ആത്മീയാനുഭവം നൽകുന്നതിനോടൊപ്പം ഇസ്ലാമിക വാസ്തുവിദ്യയുടെയും പൈതൃകത്തിന്റെയും സന്ദേശം പകുത്തു നൽകാനും കൂടിയാണ് പുതിയ വികസന പദ്ധതികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.