സൗദി ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക കോൺഫറൻസിൽ മാറ്റുരക്കാൻ മെഹ്നാസ്
text_fieldsടോസ്റ്റ് മാസ്റ്റർ ജുബൈൽ ഡിവിഷൻ ജേതാവായ മെഹ്നാസ് (മധ്യത്തിൽ) രണ്ടും മൂന്നും സ്ഥാനക്കാർക്കൊപ്പം
ജുബൈൽ: ഈ വർഷത്തെ സൗദി അറേബ്യൻ ടോസ്റ്റ് മാസ്റ്റേഴ്സ് കോൺഫറൻസിൽ (സറ്റാക്ക് 2025) പങ്കെടുക്കാൻ ജുബൈലിൽനിന്ന് മലയാളി വനിത മെഹ്നാസും. ജുബൈലിലെ വിവിധ ക്ലബുകളുമായി നടന്ന പ്രസംഗ മത്സരങ്ങളിലും മേഖല മത്സരങ്ങളിലും വിജയിച്ച് ഡിവിഷൻ ജേതാവായതിന് പിന്നാലെയാണ് ജുബൈലിനെ പ്രതിനിധീകരിച്ച് മെഹ്നാസ് മത്സരിക്കുന്നത്. സൗദിയിലെ വിവിധ പ്രോവിൻസുകളിൽനിന്നുള്ള 13 പേരാണ് സൗദി തലത്തിൽ മത്സരിക്കുക. ഇതിൽ വിജയിച്ചാൽ ഫിലാഡൽഫിയയിൽ നടക്കുന്ന ആഗോള മത്സരത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കാം.
മെഹ്നാസ് 2022 മുതൽ ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിൽ അംഗമാണ്. നിലവിൽ എലൈറ്റ് ടോസ്റ്റ് മാസ്റ്റർ ക്ലബ് ഡിവിഷൻ ഡി-യുടെ പ്രസിഡന്റാണ്. 2023-ൽ എലൈറ്റ് ക്ലബ്ബിൽ വൈസ് പ്രസിഡൻറ് എജുക്കേഷൻ സ്ഥാനവും മെഹ്നാസ് വഹിച്ചിരുന്നു. ജുബൈൽ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ കോഓഡിനേറ്ററായി ജോലി ചെയ്യുന്നു.
കണ്ണൂർ സർവകലാശാലയിൽനിന്നും എം.ബി.എ ബാച്ചിൽ ഒന്നാം റാങ്ക് (2022) നേടിയിട്ടുള്ള മെഹ്നാസ്, സ്വന്തമായി ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഉടമയും കൂടിയാണ്. ഫറാബി പെട്രോകെമിക്കൽസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഹഫീസ് ആണ് ഭർത്താവ്. അനൗം, അബ്ദുല്ല എന്നിവർ മക്കളാണ്.
സറ്റാക്ക് 2025-ൽ പങ്കെടുക്കുന്ന മെഹ്നാസ് കിരീടം ജുബൈലിലേക്ക് കൊണ്ടുവരുമെന്നാണ് പ്രാദേശിക ടോസ്റ്റ് മാസ്റ്റർ കമ്യൂണിറ്റി പ്രതീക്ഷിക്കുന്നത്.