ജുബൈലിൽ വീണ്ടും ചെറിയ ഭൂചലനം
text_fieldsജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വീണ്ടും ചെറിയ ഭൂചലനം അനുഭവപ്പെട്ടു. സൗദി ജിയോളജിക്കൽ സർവേ റിക്ടർ സ്കെലിൽ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സ്ഥിരീകരിച്ചത്. അറേബ്യൻ ടെക്റ്റോണിക് പ്ലേറ്റിന്റെ ചലനവും യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ചതും മൂലമുണ്ടായ സമ്മർദമാണ് കാരണം.
ജുബൈൽ തീരത്ത് ചൊവ്വാഴ്ച രാത്രി 7.50നാണ് 24.09 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. ജുബൈലിൽനിന്ന് 66 കിലോമീറ്റർ കിഴക്കായി അറേബ്യൻ ഗൾഫാണ് പ്രഭവകേന്ദ്രമെന്ന് നാഷനൽ സീസ്മിക് നെറ്റ്വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തി. ഏതാനും ദിവസം മുമ്പും ജുബൈലിൽ ചെറിയതോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അതേ സമയം മേഖലയിൽ തത്സമയം വിറയൽ അനുഭവപ്പെട്ടതായി ജുബൈൽ പട്ടണത്തിലെയും റോയൽ കമീഷൻ മേഖലയിലെയും മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർ പറഞ്ഞു. ചിലയിടങ്ങളിൽ തത്സമയം കെട്ടിടങ്ങളിൽ നിന്നിറങ്ങി ആളുകൾ പുറത്തുനിൽക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഈ മാസം ആദ്യത്തെ വെള്ളിയാഴ്ചയും സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭാഗ്യവശാൽ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.