തീർഥാടകലക്ഷങ്ങളെ വരവേൽക്കാൻ മിന ഒരുങ്ങി
text_fieldsമക്ക: വിശുദ്ധ ഹജ്ജ് തീർഥാടനത്തിന് എത്തുന്ന വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാൻ മിന താഴ്വരയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പുണ്യസ്ഥലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മക്ക-മശാഇർ റോയൽ കമീഷന് കീഴിലെ കദാന ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് മിനയിൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നത്.
തീർഥാടകർക്ക് സംഘടിതവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 35 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 45,000ത്തിലധികം തമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 74 എസ്കലേറ്ററുകൾ നിലവിൽ പ്രവർത്തനസജ്ജമാണ്. ഇതിനുപുറമെ 340 അധിക എസ്കലേറ്ററുകളുടെ നിർമാണം പുരോഗമിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 682 നിരീക്ഷണ ക്യാമറകളും പ്രകാശ സംവിധാനത്തിനായി 74,000ത്തിലധികം ലൈറ്റിങ് യൂനിറ്റുകളും മിനയിൽ സ്ഥാപിച്ചുകഴിഞ്ഞു. കഠിനമായ ചൂട് പ്രതിരോധിക്കാൻ 456 അത്യാധുനിക എയർ കണ്ടീഷനിങ് യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
ജലവിതരണത്തിനും ശുചിത്വത്തിനുമായി വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ 1,500 ക്യുബിക് മീറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള അഞ്ച് പമ്പിങ് സ്റ്റേഷനുകളും 6,000ത്തിലധികം വാട്ടർ സ്പ്രിംഗ്ലറുകളും ഇതിൽ ഉൾപ്പെടുന്നു. 25,000ത്തിലധികം വാട്ടർ ടാപ്പുകളും 3,400ലധികം ടോയ്ലറ്റ് സമുച്ചയങ്ങളും 212 മൊബൈൽ യൂണിറ്റുകളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.


