മോദിയുടെ സൗദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ വൻവരവേൽപ്പ്
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ
ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് തുടക്കം. ചൊവ്വാഴ്ച ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് വൻ വരവേൽപ്പാണ് സൗദി ഭരണകൂടം നൽകിയത്. മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദാണ് വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചത്. രാവിലെ ഇന്ത്യൻ സമയം ഒമ്പതിനാണ് ന്യൂഡൽഹിയിൽനിന്ന് പ്രധാനമന്ത്രിയും സംഘവും പുറപ്പെട്ടത്. മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവരും അടങ്ങുന്ന 11 അംഗ ഉന്നതതല ഇന്ത്യന്‍ സംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം.
പ്രധാനമന്ത്രിയെയും സംഘത്തേയും വഹിച്ച ഇന്ത്യൻ എയർഫോഴ്സ് വിമാനം സൗദി വ്യോമാതിർത്തിയിലേക്ക് കടന്നപ്പോൾ സൗദി എയർഫോഴ്സിന്‍റെ വിമാനങ്ങൾ അകമ്പടി സേവിച്ച് സമ്പൂർണ പ്രോട്ടോക്കോൾ ബഹുമതിയാണ് നൽകിയത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. 1982 ഏപ്രിലിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിദ്ദ സന്ദർശിച്ചിരുന്നു. പിന്നീട് 43 വർഷത്തിന് ശേഷം ജിദ്ദയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പുതിയ ചരിത്രവും എഴുതിയിരിക്കുകയാണ് മോദി. എന്നാൽ അദ്ദേഹത്തിെൻറ മൂന്നാമത്തെ സൗദി സന്ദർശനമാണിത്. 2016-ലും 2019-ലും റിയാദിലെത്തിയ മോദി ഇപ്പോൾ ആറു വർഷത്തിന് ശേഷമാണ് സൗദിയുടെ വാണിജ്യ കേന്ദ്രമായി അറിയപ്പെടുന്ന ജിദ്ദയിൽ എത്തുന്നത്.
നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരടങ്ങുന്ന 11 അംഗ ഉന്നതതല സംഘമാണ് എത്തിയിട്ടുള്ളത്. വിമാനത്താവളത്തിൽനിന്ന് അദ്ദേഹവും സംഘവും നേരെ ജിദ്ദയിലെ റിട്സ് കാൾട്ടൺ ഹോട്ടലിലേക്ക് തിരിച്ചു. ഇവിടെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തിലാണ് ആദ്യം പങ്കെടുക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ 2.30 വരെയാണ് ഈ പരിപാടി. യോഗത്തിൽ വ്യവസായ പ്രമുഖന്മാരുമായി വിവിധ കാര്യങ്ങളിൽ പ്രധാനമന്ത്രി ചർച്ച നടത്തും.
ശേഷം 3.30 മുതൽ 6.30 വരെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ ഹജ്ജ് ക്വാട്ട സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. സ്വകാര്യ ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രധാനമായും ചർച്ചയാവുക. ബഹിരാകാശം, ഊർജം, ആരോഗ്യം, ശാസ്ത്രം, ശാസ്ത്ര ഗവേഷണം, സാംസ്കാരികം, അഡ്വാൻസ്ഡ് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട ആറ് ഉഭയകക്ഷി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും. വാണിജ്യം, നിക്ഷേപം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളും ഒപ്പുവെക്കാനിടയുണ്ടെന്നും സൂചനയുണ്ട്.
പ്രതിരോധം, വ്യാപാരം, ഊർജം, നിക്ഷേപം, സമുദ്ര സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ഉതകുന്ന ചർച്ചകൾ നടക്കും. ഇന്ത്-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും നേതാക്കൾ ചർച്ച ചെയ്യും. പശ്ചിമേഷ്യയിലെ സമകാലീന രാഷ്ട്രീയ സാഹചര്യം, ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം, റഷ്യ-യുക്രൈൻ സംഘർഷം, യമൻ പ്രതിസന്ധി എന്നിവ ചർച്ചയിൽ വിഷയമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാളെ നടക്കുന്ന ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ രണ്ടാമത് യോഗത്തിൽ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറി സന്ദർശിക്കുമെന്നും അവിടുത്തെ ഇന്ത്യൻ തൊഴിലാളികളുമായി സംവദിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം കാലങ്ങളായി സ്ഥിരമായ വളർച്ച നേടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. സൗദിയുടെ രണ്ടാമത്തെ വലിയ വ്യപാര പങ്കാളികൂടിയാണ് ഇന്ത്യ. അതോടൊപ്പം ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 42.98 ശതകോടി ഡോളറിലെത്തിയതും വലിയ നേട്ടമായി വിലയിരുത്തുന്നു. വൈവിധ്യമാർന്ന സാമ്പത്തിക ശക്തികേന്ദ്രമായി സൗദി ഇപ്പോൾ മാറുന്ന ഒരു സാഹചര്യത്തിൽ ഇരു രാഷ്ട്ര നേതാക്കൾ നടത്തുന്ന ചർച്ച ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്. 27 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാർ സൗദി അറേബ്യയിൽ ഉപജീവനം നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളും പരമ്പരാഗതമായി കാത്തു സൂക്ഷിക്കുന്ന സൗഹൃദ ബന്ധത്തിൽ പുത്തൻ ഉണർവ് സമ്മാനിക്കുന്നതാവും രണ്ടു നാൾ നീണ്ടുനിൽക്കുന്ന സന്ദർശനം. വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ പ്രവാസി സമൂഹം മോദിയുടെ സന്ദർശനത്തെ ഉറ്റുനോക്കുന്നത്.