മാസങ്ങളായി ജോലിയും ശമ്പളവുമില്ല പ്രതിസന്ധിയിലായ ഭൂരിഭാഗം തൊഴിലാളികളും നാടണഞ്ഞു
text_fieldsപ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി തൊഴിലാളികളുമായി സംസാരിക്കുന്നു
ജുബൈൽ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ ഭൂരിഭാഗം തൊഴിലാളികളും നാടണഞ്ഞു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യക്കാരായ തൊഴിലാളികൾ വർഷങ്ങളായി ജുബൈലിലെ പ്രമുഖ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കമ്പനി പ്രവർത്തനം നിലച്ച് പ്രതിസന്ധിയിലായതിനെ തുടർന്നാണ് ഇവർ ദുരിതത്തിലായത്. പ്രോജക്ടുകൾ നഷ്ടപ്പെട്ട് നിശ്ചലാവസ്ഥയിലാവുകയായിരുന്നു കമ്പനി. ഇതോടെ 300 ഓളം തൊഴിലാളികൾ എട്ട് മാസമായി ജോലിയും ശമ്പളവുമില്ലാതെ പ്രയാസത്തിലായി.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, റിയാദിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ തൊഴിലാളികൾ പരാതി നൽകി. തുടർന്ന് എംബസി ലേബർ വെൽഫെയർ ഉദ്യോഗസ്ഥൻ സഅദുല്ലയും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും എംബസി വളന്റിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ജുബൈലിലെ അൽജുഐമ ലേബർ ഓഫിസിലെത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടങ്ങി. ലേബർ ഓഫീസർ മുത്ലഖ് ഖഹ്താനിയും സഹ ഉദ്യോഗസ്ഥൻ ഹഖീം അബൂജവാദും തൊഴിൽ തർക്കപരിഹാര വിഭാഗം ഓഫിസർ ഹസൻ ഹംബൂബയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി തുടർ നടപടികളെ കുറിച്ച് ആലോചിച്ചു.
ലേബർ ഓഫിസറുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് അന്വേഷണ വിഭാഗം ഓഫിസർ മുസാഅദ് അൽ അഹ്മരിയും സൈഫുദ്ദീൻ ൾ അന്വേപൊറ്റശ്ശേരിയും സഅദുള്ളയും ചേർന്ന് കമ്പനി തൊഴിലാളികളെ നേരിട്ട് കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. ഈ മാസം 17ന് എംബസി ലേബർ വെൽഫെയർ ഓഫിസർ ബി.എസ്. മീനയും സഹ ഉദ്യോഗസ്ഥൻ മുഹമ്മദ് നസീമുദ്ദീനും സൈഫുദ്ദീൻ പൊറ്റശ്ശേരിയും വീണ്ടും ജുഐമയിലെ ലേബർ ഓഫിസറും ജവാസാത്ത് മുദീറുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ നടപടികൾ വേഗത്തിലാവുകയും 250 തൊഴിലാളികൾക്ക് നാടണയാൻ വഴി തെളിയുകയും ചെയ്തു.
കുടുംബാംഗങ്ങൾ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്നവരും വ്യത്യസ്ത രോഗങ്ങളാൽ പ്രയാസപ്പെടുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നേരത്തേ ഇഷ്യൂ ചെയ്ത ഫൈനൽ എക്സിറ്റ് വിസ കാലാവധി കഴിഞ്ഞ് പോകാൻ കഴിയാതെ തടസ്സം നേരിട്ട 25 പേർക്ക് സൈഫുദ്ദീൻ പൊറ്റശ്ശേരി ജവാസത്തുമായി ബന്ധപ്പെട്ട് പിഴയടച്ച് ക്ലിയറൻസ് ലഭിക്കാൻ ശ്രമം നടത്തിയതും തൊഴിലാളികൾക്കാശ്വാസമായി. ചില പ്രത്യേകം കേസുകളിൽ പെട്ട ആളുകൾ ഒഴികെ അവശേഷിക്കുന്ന ഏതാനും ഇന്ത്യൻ തൊഴിലാളികളെയും കൂടി ഈയടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ശ്രമത്തിലാണ് സൈഫുദ്ദീൻ പൊറ്റശ്ശേരി.
ജുബൈൽ ലേബർ ഓഫിസിന്റെയും ജവാസത്തിന്റെയും ഭാഗത്തുനിന്ന് വളരെ അനുഭാവപൂർണമായ പിന്തുണയാണ് ലഭിച്ചതെന്ന് സൈഫുദ്ദീൻ പൊറ്റശ്ശേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ജുബൈലിലെ പ്രവാസി വെൽഫെയർ പ്രസിഡന്റ് ശിഹാബും സെക്രട്ടറി നിയാസ് നാരകത്തും സൈഫുദ്ദീൻ പൊറ്റശ്ശേരിയെ അനുഗമിച്ചിരുന്നു.