മകനെക്കുറിച്ചോർത്ത് നൊന്ത് നൊന്ത് ആ അമ്മ മരിച്ചുപോയി
text_fieldsഅന്ന ജോൺ ഭർത്താവ് ജോൺ സേവ്യറിനും ഏക മകൻ ജസ്റ്റിനുമൊപ്പം
റിയാദ്: പഠിക്കാനയച്ച കോളജിലെ നീന്തൽക്കുളത്തിൽ അസ്തമിച്ചുപോയ ഏക മകനെയോർത്ത് വേദനിച്ച് വേദനിച്ച് ആദ്യം സ്മൃതിനാശത്തിനും ഒടുവിൽ മരണത്തിനും ആ അമ്മ കീഴടങ്ങി. റിയാദിൽ മൂന്നര പതിറ്റാണ്ട് പ്രവാസിയായിരുന്ന ആലുവ സൗത്ത് വാഴക്കുളം സ്വദേശി ജോൺ സേവ്യറുടെ ഭാര്യയും റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സുമായിരുന്ന അന്ന ജോൺ (71) കഴിഞ്ഞ ദിവസം ആലുവ ബാങ്ക് ജങ്ഷനിലെ ശാന്തി ലോട്ടസ് അപ്പാർട്മെന്റിൽ വെച്ചാണ് മരിച്ചത്. തങ്ങളുടെ ഏക മകൻ ജസ്റ്റിന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാനും പൊന്നുമകന്റെ ആത്മാവിന് നീതിനേടിക്കൊടുക്കാനുമായി കഴിഞ്ഞ 16 വർഷമായി നടത്തിവന്ന നിയമപോരാട്ട വഴിയിൽ പ്രിയതമനെ ഒറ്റക്കാക്കിയാണ് അന്ന ജോൺ ലോകത്തോട് വിടപറഞ്ഞത്.
നീന്തൽ താരമായ മകൻ നീന്തൽകുളത്തിൽ മുങ്ങിമരിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഇന്ത്യൻ നീതിന്യായ സംവിധാനത്തോട് തേടിയ ഉത്തരം അവർക്ക് കിട്ടിയിട്ടില്ല. നാലു വർഷം മുമ്പ് റിയാദിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് ദമ്പതികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ശേഷിക്കുന്ന ജീവിതത്തിലെ ഏക ലക്ഷ്യം മകന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നത് മാത്രമായിരുന്നു.
ജസ്റ്റിൻ ജോൺ
പുത്രദുഃഖം ദമ്പതികളെ ഒരുപോലെ വേട്ടയാടിയെങ്കിലും ശാരീരികമായും മാനസികമായും ഏറ്റവും പരിക്കേൽപിച്ചത് അന്നയെയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ ഓർമയുടെ താളം തെറ്റിത്തുടങ്ങിയിരുന്നു. അൾഷൈമേഴ്സിന്റെ പിടിയിലമർന്ന് ഓർമകളുടെ ഒരു ചുടലക്കാടായി മാറി പിന്നീട് അവരുടെ മനസ്സ്. എല്ലാം കണ്ടും സഹിച്ചും നൊന്തും മകന്റെ ആത്മാവിനോട് ചെയ്ത പ്രതിജ്ഞ നിറവേറ്റാൻ നിയമപോരാട്ടം തുടർന്നു ആ അച്ഛൻ.
ഡൽഹി നോയിഡയിലെ അമിറ്റി ഡീംഡ് യൂനിവേഴ്സിറ്റിയിൽ ആദ്യവർഷ ഏയ്റോസ്പേസ് എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ 2009 സെപ്റ്റബർ മൂന്നിനാണ് അന്ന് 18 വയസ്സുണ്ടായിരുന്ന ജസ്റ്റിൻ ജോണിനെ കാമ്പസിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
എന്നാൽ, നീന്തൽ മത്സരങ്ങളിലെ ചാമ്പ്യനും ആറടി ഉയരവുമുള്ള മകൻ വെറും അഞ്ചടി മാത്രം ആഴമുള്ള നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു എന്ന് വിശ്വസിക്കാൻ കഴിയാഞ്ഞതിനാൽ ജോൺ സേവ്യർ ദുരൂഹത ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സി.ബി.ഐ പ്രത്യേക കോടതി, കേരള ഹൈകകോടതി എന്നിവയുടെ സഹായത്തോടെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചു.
കേരളത്തിൽ കൊണ്ടുവന്ന് സംസ്കരിച്ച മൃതദേഹം തിരിച്ചെടുത്ത് രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തുകയും കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ച് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. സീനിയർ വിദ്യാർഥികളെ പ്രതികളാക്കി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. അന്വേഷണവും കേസും ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. അന്വേഷണ ഏജൻസിയും മറ്റും വേണ്ടത്ര താൽപര്യം കാട്ടുന്നില്ല എന്നത് തന്നെയാണ് കാരണം.
റിയാദിലെ അദൗലിയ യൂനിവേഴ്സൽ കമ്പനിയിൽ ലോജിസ്റ്റിക് മാനേജരായിരുന്നു ജോൺ സേവ്യർ. 2015 വരെ റിയാദ് കിങ് സഈദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സായിരുന്നു അന്നാ ജോൺ. പട്ന ഹോളി ഫാമിലി ആശുപത്രിയിൽനിന്ന് നഴ്സിങ് ബിരുദം പൂർത്തിയാക്കിയ അന്ന കാൺപൂർ ഇ.എസ്.ഐ ആശുപത്രിയിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷം ജിദ്ദ ബലദിലെ ഒരു ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി എത്തിയാണ് പ്രവാസം ആരംഭിക്കുന്നത്. പിന്നീട് ഭർത്താവ് ജോൺ സേവ്യർ ജോലി ചെയ്യുന്ന റിയാദിലേക്ക് വരുകയും ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചേരുകയും ചെയ്തു. ഇവിടെ കുഞ്ഞുങ്ങളുടെ വാർഡിലാണ് ജോലി ചെയ്തിരുന്നത്.