ജുബൈൽ ചരിത്രത്തിന്റെ നേർസാക്ഷിയായി അൽബഹ്‌രി പർവതം
text_fieldsജുബൈൽ: ജുബൈൽ നഗരത്തിന് ഏകദേശം 300 മീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജബൽ അൽബഹ്‌രി (അൽബഹ്‌രി പർവതം) ഒരിക്കൽ അറേബ്യൻ ഗൾഫിലെ പ്രധാന മത്സ്യബന്ധന, വ്യാപാര കേന്ദ്രമായിരുന്നു. മുത്തും പവിഴവും നിറഞ്ഞ സമുദ്രസമ്പത്ത് ഇവിടെ ഒരുകാലത്ത് അനേകർക്ക് ഉപജീവനമായിരുന്നു.
ജുബൈൽ എന്ന നഗര നാമത്തിന് തന്നെ ഈ പർവതവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക ചിഹ്നങ്ങളിലൊന്നായി ഇന്നും അൽബഹ്‌രി പർവതം നിലകൊള്ളുന്നു. ഒരുകാലത്ത് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഈ പർവതവുമായി ബന്ധപ്പെട്ട ഓർമ്മകൾ പ്രദേശവാസികൾ ഇന്നും ഗൃഹാതുരയോടെ ഓർക്കുന്നു.
എണ്ണവ്യാപാരത്തിൽ വളർച്ച പ്രാപിക്കുന്നതിന് മുമ്പ്, അൽബഹ്‌രി പർവതം വെറും പ്രകൃതിസൗന്ദര്യത്തിന്റെ പ്രതീകമല്ലായിരുന്നു. അത് ഇവിടെ ജീവിച്ചിരുന്നവരുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ അടിത്തറയായിരുന്നു. മത്സ്യബന്ധനവും മുത്ത്, പവിഴ വ്യാപാരവും വളർന്നു.
ചുറ്റുപാടുകൾ സജീവമായ വാണിജ്യ കേന്ദ്രങ്ങളായി മാറി. 1950 കളിലും 1960 കളിലും അൽബഹ്‌രി പർവതം സന്ദർശകരെ ഏറെ ആകർഷിച്ച ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായിരുന്നു. ഇന്നും അതിന്റെ പാറകളിൽ കൊത്തിയിട്ട പുരാതന ലിഖിതങ്ങൾക്ക് കഥകൾ ഏറെ പറയാനുണ്ട്. മനുഷ്യർക്കായി പ്രകൃതി തുറന്നുവെച്ച മ്യൂസിയമാണിത് എന്നും പറയാം.
രാജ്യത്തിന്റെ സമഗ്ര വികസനവുമായി ഒത്തുചേർന്ന് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ചരിത്രവും ഭൂമിശാസ്ത്രവുമായ പ്രത്യേകതകൾ ഉൾകൊള്ളുന്ന അൽബഹ്‌രി പർവതം വീണ്ടും വിനോദസഞ്ചാര ഭൂപടത്തിൽ നിറയുകയാണ്. നിക്ഷേപസാധ്യതകളും ടൂറിസം വിപുലീകരണത്തിലൂടെയും പുതിയ വരുമാനസ്രോതസ്സുകൾ തുറക്കും. പുരാതന പൈതൃകവും ആധുനികതയും കൈകോർക്കുമ്പോൾ, പ്രദേശത്തിന്റെ സമഗ്ര അഭിവൃദ്ധിയിലും പുതിയ അധ്യായങ്ങൾ രചിക്കപ്പെടും.


