സൗദിയിൽ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശി മരിച്ചു
text_fieldsവെസ്‌ലി ജോൺസൺ, അപകടത്തിൽപെട്ട മിനി ട്രക്ക്
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സക്ക് സമീപം വാഹനാപകടത്തിൽ മരിച്ച കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസണിെൻറ (ജോമോൻ, 33) മൃതദേഹം ബുധനാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ടുപോകും. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്‌ലി ജോലിയുടെ ഭാഗമായി അൽ അഹ്സയിലേക്ക് പോയതാണ്. അവിടെ വെച്ച് പുലർച്ചെ 12.15ഓടെയാണ് അപകടമുണ്ടായതത്രെ. വെസ്‌ലി ഓടിച്ച മിനി ട്രക്കിെൻറ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി.
രണ്ട് വർഷം മുമ്പാണ് വെസ്‌ലി സൗദിയിലെത്തിയത്. അവിവാഹിതനാണ്. വിവാഹം കഴിക്കാനായി ജനുവരിയിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
ജോൺസൺ ആണ് പിതാവ്. ജെസ്സി മാതാവ്. സഹോദരങ്ങൾ: ജോജോ മോൻ, രേഷ്മ. ബുധനാഴ്ച രാത്രി 11.35ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകും. മുംബൈ വഴി വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.
മരണാനന്തര നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും ആവശ്യമായ പ്രവർത്തനങ്ങളുമായി സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, പ്രസാദ് കരുനാഗപ്പള്ളി, റിയാദ് ഹെൽപ് ഡെസ്ക്, കോട്ടയം പ്രവാസി അസോസിയേഷൻ ഭാരവാഹി ബഷീർ സാപ്റ്റികോ, കാഞ്ഞിരപ്പള്ളി പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി അഫ്സൽ ബിൻ ഇസ്മാഈൽ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.


