Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാത്തിരിക്കാൻ...

കാത്തിരിക്കാൻ പൂമുഖത്ത് അമ്മയില്ല; അഞ്ചുവർഷത്തെ സൗദി ജയിൽവാസത്തിനുശേഷം അനന്ദു നാട്ടിലെത്തി

text_fields
bookmark_border
കാത്തിരിക്കാൻ പൂമുഖത്ത് അമ്മയില്ല; അഞ്ചുവർഷത്തെ സൗദി ജയിൽവാസത്തിനുശേഷം അനന്ദു നാട്ടിലെത്തി
cancel
camera_alt

നാട്ടിലേക്ക്​ തിരിക്കും മുമ്പ്​ അനന്ദു റിയാദിൽ സാമൂഹികപ്രവർത്തകരോടൊപ്പം

റിയാദ്: സ്വപ്നങ്ങളുമായി പ്രവാസലോകത്തെത്തി ഒടുവിൽ അപ്രതീക്ഷിത വിധിയിൽ തളർന്നുപോയ മൂവാറ്റുപുഴ സ്വദേശി അനന്ദു അരവിന്ദ് അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. സൗദി കുടുംബത്തിൽ ഹൗസ് ഡ്രൈവറായി ജോലിക്ക് ചേർന്ന് ഒന്നര വർഷം തികയും മുമ്പാണ് അനന്ദുവി​െൻറ ജീവിതം മാറിമറിഞ്ഞത്.

2021 മാർച്ച് നാലിന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ അപസ്മാരത്തെത്തുടർന്ന് അനന്ദുവിന് ബോധം നഷ്​ടമാവുകയും വാഹനം അപകടത്തിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ അനന്ദുവി​െൻറ തൊഴിലുടമയായ സൗദി വനിത മരിച്ചു. സാരമായ പരിക്കുകളോടെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും അനന്ദുവി​െൻറ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും സ്വയം നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.

നേരിട്ടത്​ കൊലക്കുറ്റം

അപകടമരണമാണെങ്കിലും സ്പോൺസറുടെ കുടുംബം അനന്ദുവിനെതിരെ കൊലക്കുറ്റം ചുമത്തി പരാതി നൽകിയതോടെയാണ് കേസ് സങ്കീർണമായത്. ആശുപത്രിയിലെ ജയിൽ വാർഡിലും ജയിലിലുമായി അഞ്ചു വർഷമാണ് അനന്ദു കഴിഞ്ഞത്. താൻ ദീർഘകാലമായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്ന മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കേസിൽ നിർണായകമായി.

മതിയായ തെളിവുകളില്ലെന്ന് കണ്ട് റിയാദ് ക്രിമിനൽ കോടതി അനന്ദുവിനെ കുറ്റവിമുക്തനാക്കിയെങ്കിലും സ്പോൺസറുടെ കുടുംബം അപ്പീൽ കോടതിയെ സമീപിച്ചു. നാല് വർഷത്തെ നിയമപോരാട്ടത്തിനും 54 കോടതി സിറ്റിങ്ങുകൾക്കും ഒടുവിലാണ് മോചനം സാധ്യമായത്. ഈ വർഷം ജനുവരി ഒന്നിന് അപ്പീൽ കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ഫെബ്രുവരി 24-ന് അന്തിമ വിധി വരികയും ചെയ്തു.

മകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന അമ്മയുടെ വിയോഗം ഈ മോചനത്തിനിടയിലെ നൊമ്പരമായി മാറി. ആറു മാസം മുമ്പാണ് അനന്ദുവി​െൻറ അമ്മ കാൻസർ ബാധിച്ച് മരിച്ചത്. അമ്മയുടെ മരണവാർത്ത ജയിലിലെത്തി അനന്ദുവിനെ അറിയിച്ചത് ഇന്ത്യൻ എംബസി ഓഫീസർ സവാദ് യൂസുഫും സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂരും ചേർന്നായിരുന്നു. അനന്ദുവി​െൻറ ദയനീയാവസ്ഥ പരിഗണിച്ച് സൗദി അഭിഭാഷക ഡോ. റെന അബ്​ദുൽ കേസ് ഏറ്റെടുത്ത് നടത്തി.

തുണയായത്​ സാമൂഹികപ്രവർത്തകർ

സാമൂഹികപ്രവർത്തകൻ നൗഷാദ് ആലുവയാണ് അനന്ദ​ുവിടെ വിവരം ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിഖ് തുവ്വൂരി​െൻറ ശ്രദ്ധയിൽപ്പെടുത്തുന്നത്​. തുടർന്ന് അഷ്‌റഫ് വേങ്ങാട്ട്, കബീർ വൈലത്തൂർ എന്നിവരുമായി ആലോചിച്ച് ജലീൽ തിരൂർ (ചെയർമാൻ), നൗഷാദ് ആലുവ (കൺവീനർ), കരീം കാനാംപുരം (ട്രഷറർ), സിദ്ധീഖ് തുവ്വൂർ (ലീഗൽ കോഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ അനന്ദു സഹായ സമിതി രൂപവത്​കരിച്ചു.

മൊഹിയുദീൻ സഹീർ, ഡൊമിനിക് സാവിയോ, ഷാഹിദ് മാസ്​റ്റർ, സലാം പെരുമ്പാവൂർ, ഉസ്മാൻ പരീദ്, മുജീബ് പെഴക്കാപ്പിള്ളി എന്നിവരും മറ്റ് സാംസ്‌കാരിക പ്രവർത്തകരും സഹായവുമായി ഒപ്പമുണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥരായ വൈ. സാബിർ, സവാദ് യൂസുഫ്, ഷറഫുദ്ദീൻ, മുഹമ്മദ് ഇംദാദ് എന്നിവരും കേസി​െൻറ തുടക്കത്തിൽ ഇടപെട്ട ചന്ദ്രസേനൻ, വിനു എന്നിവരും വലിയ പിന്തുണ നൽകി.

ഫ്ലെയിൻകോ എം.ഡി സാബിത്ത് നൽകിയ വിമാന ടിക്കറ്റിൽ, യൂസുഫ് പെരിന്തൽമണ്ണയുടെ സഹായത്തോടെയാണ് അനന്ദു കോഴിക്കോടെത്തിയത്. വിമാനത്താവളത്തിൽ അച്ഛനും ബന്ധുക്കളും ചേർന്ന് അനന്ദുവിനെ സ്വീകരിച്ചു. സൗദി നീതിന്യായ വ്യവസ്ഥയുടെ സുതാര്യത വെളിപ്പെടുത്തുന്നതായിരുന്നു ഈ കേസി​െൻറ നടപടികളെന്ന് സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

Show Full Article
TAGS:Gulf News accident case saudi prison jailed saudhi arabia 
News Summary - Muvattupuzha native was jailed in a vehicle accident case in Saudhi jail
Next Story