ചരിത്രപരമായ സൗഹൃദം; പുരോഗതിക്കായുള്ള പങ്കാളിത്തം
text_fieldsഅൽ സലാം കൊട്ടാരത്തിലെ സ്വീകരണത്തിനിടെ നരേന്ദ്ര മോദിയും അമീർ മുഹമ്മദ് ബിൻ സൽമാനും
ജിദ്ദ: ‘ചരിത്രപരമായ സൗഹൃദം; പുരോഗതിക്കായുള്ള പങ്കാളിത്തം’ എന്ന് പറഞ്ഞാണ് മോദിയുടെ സൗദി സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന തുടങ്ങുന്നത്. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ കിരീടാവകാശിയുമായി പ്രധാനമന്ത്രി ദീർഘനേരം ചർച്ച നടത്തി. 2030ലെ വേൾഡ് എക്സ്പോക്കും 2034ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം നൽകാൻ അവസരം ലഭിച്ച സൗദി അറേബ്യയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ പങ്കാളിത്തമുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുനേതാക്കളും ക്രിയാത്മക ചർച്ചകൾ നടത്തി. വൈവിധ്യമാർന്ന മേഖലകളിലെ സാമ്പത്തിക, നിക്ഷേപ സമിതിയും അവയുടെ സംയുക്ത വർക്കിങ് ഗ്രൂപ്പുകളും ഉൾപ്പെടുന്ന രണ്ടു മന്ത്രിതല സമിതികളുടെ പ്രവർത്തന ഫലങ്ങളിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ സഹകരണം, ടൂറിസം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള മന്ത്രിതല സമിതികൾ കൂടി ചേർത്തുകൊണ്ട് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴം വർധിപ്പിക്കുന്നതിനെ ഇതു പ്രതിഫലിപ്പിക്കുന്നു. ഇരു മന്ത്രാലയങ്ങളിലും വിശ്വാസവും പരസ്പര ധാരണയും വളർത്തിയെടുത്ത നിരവധി ഉന്നതതല സന്ദർശനങ്ങളെ ഇരു നേതാക്കളും അഭിനന്ദിച്ചു.
സൗദിയിൽ താമസിക്കുന്ന ഏകദേശം 27 ലക്ഷം ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് സൗദി നൽകുന്ന പിന്തുണക്ക് ഇന്ത്യയുടെ കടപ്പാടും നന്ദിയും മോദി അറിയിച്ചു. 2024ലെ ഹജ്ജ് വിജയകരമായി നടത്തിയതിന് സൗദിയെ ഇന്ത്യ അഭിനന്ദിക്കുകയും ഇന്ത്യൻ ഹജ്ജ്, ഉംറ തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ഏകോപനത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം, വ്യാപാരം, നിക്ഷേപ ബന്ധങ്ങൾ എന്നിവയുടെ വളർച്ചയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ കൈവരിച്ച പുരോഗതിയിലും ഇന്ത്യ അഭിനന്ദിച്ചു. ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചക്കും 2047-ഓടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിനും സൗദി ഇന്ത്യയെയും അഭിനന്ദിച്ചു. അതത് ദേശീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും അഭിവൃദ്ധി കൈവരിക്കുന്നതിനും പരസ്പര താൽപര്യമുള്ള മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളുടെയും നേതാക്കൾ തീരുമാനിച്ചു.