മൂന്നരപ്പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിരാമം; നാസർ വണ്ടൂർ മടങ്ങുന്നു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ നൽകിയ യാത്രയയപ്പ്
നാസർ വണ്ടൂർ
റിയാദ്: റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന നാസർ വണ്ടൂർ, 35 വർഷം നീണ്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്നു. അലൂബ് യുനൈറ്റഡ് ട്രേഡിങ് കമ്പനിയുടെ ജനറൽ മാനേജർ തസ്തികയിൽനിന്ന് വിരമിച്ചാണ് അദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്.1991ൽ നിർമാണ കമ്പനിയിൽ ഡ്രൈവറായി പ്രവാസം ആരംഭിച്ച നാസർ വണ്ടൂർ, കഠിനാധ്വാനവും അചഞ്ചലമായ ഇച്ഛാശക്തിയും കൊണ്ട് വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി. വിവിധ സംരംഭങ്ങളിലൂടെ വളർന്ന അദ്ദേഹം ഒടുവിൽ അലൂബ് ട്രേഡിങ് കമ്പനിയുടെ ജനറൽ മാനേജരായി മാറി. ബിസിനസ് ആവശ്യങ്ങൾക്കായി മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹത്തിന് വിപുലമായ സുഹൃദ്ബന്ധങ്ങളാണുള്ളത്.
റിയാദിലെ മലയാളി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക സംഘടനകളിൽ സജീവമായിരുന്നു. ഉണർവ് കുടുംബ കൂട്ടായ്മ, റിയാദ് മ്യൂസിക് ക്ലബ് തുടങ്ങിയ കലാ-സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനത്തിരുന്ന് പ്രവാസലോകത്തെ കലാസ്വാദകർക്ക് എന്നും പരിചിതനുമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് നിരവധിയാളുകൾക്ക് കൈത്താങ്ങാവാനും മൂന്നര പതിറ്റാണ്ട് പ്രവാസ ജീവിതത്തിനിടയിൽ ഇദ്ദേഹത്തിനായിട്ടുണ്ട്.
വണ്ടൂർ കാരയിൽ ഇയ്യനാംകുന്നൻ അവറാന്റെയും പുന്നപ്പാല കുരിക്കൾ ഫാത്തിമയുടെയും മകനാണ്. ഭാര്യ: സലീന നാസർ. മുഹമ്മദ് നിജാദ്, മുഹമ്മദ് നാജിഹ്, നൈസിയ ഫാത്തിമ എന്നിവർ മക്കളാണ്. ഈ മാസം അവസാനത്തോടെ അദ്ദേഹം നാട്ടിലേക്ക് തിരിക്കും.


