ദേശീയ ദിനം; വ്യോമസേന വിമാനങ്ങൾ അലങ്കരിക്കൽ പൂർത്തിയായി
text_fieldsസൗദി ദേശീയദിനത്തിൽ മാനത്ത് പറന്ന് തിളങ്ങാൻ അലങ്കരിച്ചിരിക്കുന്ന വ്യോമസേന വിമാനം
റിയാദ്: സെപ്റ്റംബർ 23 ന് സൗദി ദേശീയദിനത്തിൽ സൗദിയുടെ മാനത്ത് പറന്ന് തിളങ്ങാൻ വ്യോമസേന വിമാനങ്ങൾ പുതിയ അലങ്കാരങ്ങളോടെ ഒരുങ്ങി. 95ാമത് ദേശീയ ദിനാഘോഷങ്ങളിൽ എയർഷോ നടത്തുന്ന വ്യോമസേന വിമാനങ്ങളാണ് പുതിയ രൂപത്തിൽ അലങ്കരിക്കുന്ന ജോലികൾ പ്രതിരോധ മന്ത്രാലയം പൂർത്തിയാക്കിയത്. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തിൽ യുദ്ധവിമാനങ്ങൾ തയാറാക്കുന്നതും അവ പെയിന്റ് ചെയ്യുന്നതും കാണിക്കുന്ന ഒരു വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
വിമാനങ്ങൾ പല പാളികളായി പെയിന്റ് ചെയ്തു. പിന്നീട് വെള്ളയും നീലയും നിറങ്ങളിൽ പൊതിഞ്ഞു. രണ്ട് വാളുകളും ഈന്തപ്പനയും സൗദി പതാകയും വിഷൻ 2030 ലോഗോയും നമ്പർ (95) ഉം അവയുടെ വിമാനത്തിനു പുറത്ത് ഒട്ടിച്ചു.
വിമാനങ്ങൾ അവയുടെ ഏറ്റവും മനോഹരമായ രൂപത്തിൽ മേഘങ്ങൾക്ക് മുകളിൽ പറക്കാൻ തയാറാക്കിയ കാഴ്ചയാണ് വിഡിയോയിലുള്ളത്. എല്ലാ വർഷവും സെപ്റ്റംബർ 23 ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ മോഡലുകളുടെ യുദ്ധവിമാനങ്ങൾ സൗദിയുടെ മിക്ക പ്രദേശങ്ങളിലും വ്യോമ പ്രദർശനങ്ങൾ നടത്താറുണ്ട്. 1932 ൽ രാജ്യം ഏകീകരിക്കുകയും ‘സൗദി അറേബ്യ എന്ന രാജ്യം പ്രഖ്യാപിക്കുകയും ചെയ്ത ദിവസത്തെ അടയാളപ്പെടുത്തുന്ന ദേശീയ ദിനം ആഘോഷിക്കാൻ ഇത്തവണയും പ്രതിരോധ മന്ത്രാലയം വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.