ദേശീയദിന ഡിസ്കൗണ്ട്; 4,200 സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകി
text_fieldsറിയാദ്: 95-ാമത് സൗദി ദേശീയദിന സീസണിൽ രാജ്യത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കുമായി കിഴിവുകൾക്കും പ്രമോഷണൽ ഓഫറുകൾക്കുമായി വാണിജ്യ മന്ത്രാലയം 4,200 ലധികം ലൈസൻസുകൾ നൽകി. സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന വിൽപ്പന സീസണിലേക്കാണ് ഇത്രയും സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്. ഭക്ഷണം, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെർഫ്യൂമുകൾ, സ്മാർട്ട്‌ഫോണുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങളിലായി 35 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഡിസ്‌കൗണ്ട് ലൈസൻസുകളിൽ ഉൾപ്പെടുന്നു.
ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലൈസൻസ് ബാർകോഡ് സ്കാൻ ചെയ്തും, സ്ഥാപനത്തിന്റെയോ ഓൺലൈൻ സ്റ്റോറിന്റെയോ എക്സ്ചേഞ്ച്, റിട്ടേൺ നയങ്ങൾ പരിശോധിച്ചും വാങ്ങൽ രസീതുകൾ സൂക്ഷിച്ചും കിഴിവുകളുടെയും വാണിജ്യ ഓഫറുകളുടെയും സാധുത പരിശോധിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.