സൗദിയിൽ വിദേശ തൊഴിലാളി സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് പുതിയ നിയമങ്ങൾ
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സ്ഥാപനങ്ങൾ തമ്മിലുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള നിയമങ്ങൾക്ക് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഔദ്യോഗികമായി അംഗീകാരം നൽകി. കരാറുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, രാജ്യത്തെ തൊഴിൽ കമ്പോളത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനും എല്ലാ കക്ഷികളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്‍റെ സമഗ്രമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
പുതിയ നിയമങ്ങൾ പ്രകാരം, സൗദി അറേബ്യയിൽ നിലവിലുള്ള വിദേശ തൊഴിലാളികളെ ഉപയോഗിച്ച്, നിർദ്ദിഷ്ട ജോലികൾക്കും സേവനങ്ങൾക്കും വേണ്ടി മറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങൾ കൈമാറ്റം ചെയ്യാൻ സാധിക്കും. സേവനം നൽകുന്ന സ്ഥാപനത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും ഉത്തരവാദിത്തത്തിലും ആയിരിക്കും ഈ ജോലികൾ പൂർത്തിയാക്കേണ്ടത്. ഈ കൈമാറ്റം നിയമപരമായി നടത്തുന്നത് മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'അജീർ' വഴിയായിരിക്കും.
വിദേശ തൊഴിലാളികളുടെ സേവനം ആവശ്യമുള്ള സ്ഥാപനങ്ങൾക്ക്, 'അജീർ' പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സെക്കൻഡ്‌മെന്‍റ് പെർമിറ്റുകൾ ഉപയോഗിച്ച് നിയമാനുസൃതമായ പരിഹാരങ്ങൾ കണ്ടെത്താൻ പുതിയ ചട്ടങ്ങൾ വഴിയൊരുക്കുന്നു. ഇത് തൊഴിലാളികളുടെ നിയമപരമായ നില മെച്ചപ്പെടുത്താനും, സൗദിയിലെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കും.
ഈ നിയമങ്ങൾ തൊഴിൽ കമ്പോളത്തിൽ കൂടുതൽ ക്രമീകരണവും സുസ്ഥിരതയും കൊണ്ടുവരുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. സ്ഥാപനങ്ങൾ തമ്മിലുള്ള സേവന കൈമാറ്റങ്ങൾ നിയന്ത്രിക്കുന്നതിലൂടെ, തൊഴിലാളികളുടെ കരാർപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഇത് സൗദി തൊഴിൽ വിപണിയിലെ തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സഹായിക്കും.
'അജീർ' പ്ലാറ്റ്‌ഫോം വഴി പുറത്തിറക്കിയ ഈ പുതിയ നിയമങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാനും, അംഗീകൃത ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി നിലവിലെ സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്താനും മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി, ഫലപ്രദവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ നിയമങ്ങൾ.


