Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ടാക്സി...

സൗദി ടാക്സി സേവനങ്ങൾക്ക് പുതിയ നിയമങ്ങൾ: വൻ തുക പിഴയും നാടുകടത്തലും

text_fields
bookmark_border
സൗദി ടാക്സി സേവനങ്ങൾക്ക് പുതിയ നിയമങ്ങൾ: വൻ തുക പിഴയും നാടുകടത്തലും
cancel

ജിദ്ദ: പൊതു ടാക്‌സി, എയർപോർട്ട് ടാക്‌സി സേവനങ്ങൾ നൽകുന്ന വ്യക്തിഗത സർവീസ് പ്രൊവൈഡർമാർക്കായി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് (GAT) പുതിയ നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ചു. ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് ചെയർമാൻ റുമൈഹ് അൽ-റുമൈഹ് ആണ് ഇത് സംബന്ധിച്ച പുതിയ സംവിധാനങ്ങൾക്ക് അംഗീകാരം നൽകിയത്. സേവനങ്ങളുടെ ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കർശനമായ നിയന്ത്രണങ്ങളാണ് പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് 1,600 റിയാൽ വരെ പിഴ ചുമത്തും. ഇത് ആവർത്തിച്ചാൽ പിഴ അഞ്ചിരട്ടിയായി വർധിക്കാനും സാധ്യതയുണ്ട്. കൂടാതെ വാഹനം കണ്ടുകെട്ടൽ, ഡ്രൈവറുടെ ലൈസൻസ് അഞ്ച് മാസത്തേക്ക് വരെ സസ്പെൻഡ് ചെയ്യൽ, വിദേശികളായ ഡ്രൈവർമാരെ നാടുകടത്തൽ തുടങ്ങിയ കടുപ്പമേറിയ ശിക്ഷാ നടപടികളും ഉണ്ടാകും. നിയമലംഘനം നടത്തുന്ന വാഹനം 20 മുതൽ 60 ദിവസം വരെ പിടിച്ചെടുക്കാനും ഡ്രൈവറെ അഞ്ച് മാസം വരെ സസ്പെൻഡ് ചെയ്യാനും വ്യവസ്ഥയുണ്ട്.

ചട്ടലംഘനങ്ങളെ ഗുരുതരമെന്നും അല്ലാത്തതെന്നും പുതിയ നിയമത്തിൽ തരം തിരിച്ചിട്ടുണ്ട്. വിപണിയിലേക്കുള്ള പ്രവേശനത്തെയും പുറത്തുകടക്കലിനെയും ബാധിക്കുന്ന, സേവനത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്ന, യാത്രാക്കൂലി നിർണ്ണയിക്കുന്ന രീതികളെ അലങ്കോലപ്പെടുത്തുന്ന, യാത്രക്കാരുടെ സുരക്ഷയ്‌ക്കോ പൊതു ക്രമത്തിനോ ഭീഷണിയാകുന്ന പ്രവർത്തനങ്ങളെയാണ് ഗുരുതരമായ ലംഘനങ്ങളായി നിർവചിച്ചിരിക്കുന്നത്.

പ്രൊഫഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, റദ്ദാക്കിയതോ കാലാവധി കഴിഞ്ഞതോ ആയ ലൈസൻസ് ഉപയോഗിക്കുക, ഡ്രൈവർ സർവീസ് നൽകാതിരിക്കുക,

അംഗീകൃത വില അനുസരിച്ചതല്ലാത്ത യാത്രാക്കൂലി ഈടാക്കുക, ഔദ്യോഗിക യൂനിഫോം ധരിക്കാതിരിക്കുക, വാഹനം വൃത്തിയായി സൂക്ഷിക്കാതിരിക്കുക, ഡ്രൈവറുടെ ശുചിത്വമില്ലായ്മ തുടങ്ങിയവയാണ് ഗുരുതരമായ ലംഘനങ്ങൾ.

കാർഡ് പുതുക്കാൻ കാലതാമസം വരുത്തുക, അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകാതിരിക്കുക,

ഡോക്യുമെന്റുകൾ ഹാജരാക്കാതിരിക്കുക, വാഹനത്തിനുള്ളിൽ 'പുകവലിക്കരുത്' എന്ന സ്റ്റിക്കർ സ്ഥാപിക്കാതിരിക്കുക, യാത്രക്കാർക്ക് നഷ്ടപ്പെട്ട സാധനങ്ങൾ സൂക്ഷിക്കാതിരിക്കുക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാതിരിക്കുക തുടങ്ങിയവ ചെറിയ ലംഘനങ്ങളായി പരിഗണിക്കും.

പുതിയ ചട്ടങ്ങളിൽ ലംഘനങ്ങൾക്കും പിഴകൾക്കുമുള്ള വിശദമായ പട്ടിക ഉൾപ്പെടുന്നു. വാക്കാലുള്ള മുന്നറിയിപ്പ് മുതൽ വാഹനം കണ്ടുകെട്ടൽ, ഒരു മാസം മുതൽ അഞ്ച് മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ, വിദേശികളെ നാടുകടത്തൽ തുടങ്ങി വിവിധതരം ശിക്ഷകൾ ഇതിലുണ്ട്. പിഴകൾ 50 റിയാൽ മുതൽ 1,600 റിയാൽ വരെയാണ്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒന്നു മുതൽ അഞ്ചു മടങ്ങ് വരെ വർധിക്കും.

സാമ്പത്തിക പിഴകൾക്ക് പുറമേ, വാഹനം നിശ്ചിത കാലയളവിലേക്ക് സർവീസിൽ നിന്ന് തടയുക, 20 മുതൽ 60 ദിവസം വരെ വാഹനം പിടിച്ചെടുക്കുക, ഓപ്പറേറ്റിംഗ് കാർഡ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക, നിയമലംഘനത്തിന്റെ സ്വഭാവവും ആവൃത്തിയും അനുസരിച്ച് ഡ്രൈവറെ ഒന്നു മുതൽ അഞ്ച് മാസം വരെ സസ്പെൻഡ് ചെയ്യുക തുടങ്ങിയ മറ്റ് ശിക്ഷകളും ഉൾപ്പെടുന്നു.

ഗുരുതരമായ നിയമലംഘനങ്ങളൊഴികെ, ഡ്രൈവർമാർക്ക് പിഴ ചുമത്തുന്നതിന് മുമ്പ് സാധാരണയായി ഏഴ് ദിവസത്തെ തിരുത്തൽ കാലയളവ് അനുവദിക്കുന്നതിനുള്ള സംവിധാനവും ചട്ടങ്ങളിലുണ്ട്. അന്തിമ തീരുമാനം വന്ന ശേഷവും നിയമലംഘനം തുടർന്നാൽ പ്രതിദിന പിഴ ചുമത്തുന്നതിനുള്ള സംവിധാനവും ഉണ്ട്. പരമാവധി പിഴയുടെ 10 ശതമാനത്തിൽ കൂടാത്ത തുകയാണ് ഇങ്ങനെ ചുമത്തുക.

വിദേശികളായ നിയമലംഘകരെ നാടുകടത്തൽ, പത്രങ്ങളിൽ നിയമലംഘന തീരുമാനം പ്രസിദ്ധീകരിക്കൽ, നിയമം ലംഘിക്കുന്ന ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ തടയൽ, നിയമം ലംഘിക്കുന്ന സ്ഥാപനം അടച്ചുപൂട്ടൽ, കോടതി ഉത്തരവനുസരിച്ച് വാഹനം കണ്ടുകെട്ടൽ തുടങ്ങി കൂടുതൽ കർശനമായ ശിക്ഷാ നടപടികളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

Show Full Article
TAGS:Saudi Arabia Jeddah taxi transport gulfnews 
News Summary - New rules for Saudi taxi services: Huge fines and deportation
Next Story