കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരന്റെ വധശിക്ഷ മദീനയിൽ നടപ്പാക്കി
text_fieldsമദീന: രാജ്യത്തേക്ക് മാരക ഉത്തേജകമരുന്നായ കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരനായ യൂസഫ് അലൈവോല അജാലയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദീനയിൽനിന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സുരക്ഷാസേന കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞതിന്റെ അടിസ്ഥനത്തിൽ ബന്ധപ്പെട്ടവർ കുറ്റപത്രം കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.
പ്രതിക്കെതിരെ കുറ്റങ്ങൾ സ്ഥിരീകരിച്ച് കോടതി വധശിക്ഷ വിധിച്ചു. അപ്പീലിനും തുടർന്ന് സുപ്രീം കോടതിയുടെ സ്ഥിരീകരണത്തിനും ശേഷം ജുഡീഷ്യൽ വിധി അന്തിമമായെന്ന് മന്ത്രാലയം വിശദീകരിച്ചു. നിയമപരമായി നിർബന്ധിത ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ച ശേഷമാണ് ബുധനാഴ്‌ച ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്നിന്റെ വിപത്തിൽനിന്ന് പൗരന്മാരെയും രാജ്യത്തെ താമസക്കാരെയും സംരക്ഷിക്കുന്നതിന് മയക്കുമരുന്ന് കടത്തുകാർക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ ചുമത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും യുവാക്കളിലും വ്യക്തിയിലും സമൂഹത്തിലും ഗുരുതരമായ പ്രശ്നമുണ്ടാക്കാനും അവരുടെ അവകാശങ്ങളുടെ ലംഘനത്തിനും മയക്കുമരുന്നുകളുടെ വ്യാപനം കാരണമാകുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏത് പ്രവൃത്തികൾ ചെയ്യുന്നവർക്കും നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.


