ആണവോർജ പദ്ധതി നടപ്പാക്കുന്നത് തുടരുന്നു –ഊർജ മന്ത്രി
text_fieldsവിയനയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 69ാമത് വാർഷിക സമ്മേളനത്തിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സംസാരിക്കുന്നു
റിയാദ്: സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്നതിലേക്ക് സൗദി നീങ്ങുകയാണെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. വിയനയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 69ാമത് വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ഊർജ മിശ്രിതം വൈവിധ്യവത്കരിക്കുക, ശുദ്ധമായ ഊർജ വിതരണങ്ങൾ വർധിപ്പിക്കുക, സുസ്ഥിര വികസനം കൈവരിക്കുക എന്നിവ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിച്ച് ആദ്യത്തെ ആണവോർജ നിലയത്തിന്റെ നിർമാണം ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും ദേശീയ ആണവോർജ പദ്ധതി നടപ്പാക്കുന്നത് തുടരുകയാണെന്ന് ഊർജ മന്ത്രി വിശദീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ദേശീയ ആവശ്യകതകൾ പാലിക്കുന്നതിലൂടെയും അറിവിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിനും ദേശീയ മനുഷ്യ കഴിവുകളുടെ വികസനത്തിനും ആണവോർജ പദ്ധതി സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെയും ഈ മേഖലയിൽ സൗദി ഒരു മാതൃകയാകാൻ ആഗ്രഹിക്കുന്നുവെന്ന് ഊർജ മന്ത്രി സൂചിപ്പിച്ചു. ആണവ നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഭരണപരമായ ഒരുക്കത്തിന്റെ അടിസ്ഥാന ഘടകങ്ങൾ സൗദി പൂർത്തിയാക്കിയിട്ടുണ്ടെന്നും സമഗ്ര സുരക്ഷ കരാറിന്റെ ആവശ്യകതകൾ വിജയകരമായി നിറവേറ്റിയിട്ടുണ്ടെന്നും 2025ന്റെ തുടക്കത്തോടെ അവ പൂർണമായും നടപ്പാക്കിയിട്ടുണ്ടെന്നും ഊർജ മന്ത്രി പറഞ്ഞു.
ആണവ, റേഡിയോളജിക്കൽ അടിയന്തരാവസ്ഥകൾക്കുള്ള തയാറെടുപ്പും പ്രതിരോധവും വർധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ ഒന്ന് മുതൽ നാല് വരെ റിയാദിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി സംഘടിപ്പിക്കുന്ന ആണവ, റേഡിയോളജിക്കൽ അടിയന്തരാവസ്ഥകളുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് സൗദി ഒരുങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ കഴിവുകളും തയാറെടുപ്പും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ.എ.ഇ.എ സംഘടിപ്പിച്ചതും റുമേനിയ ആതിഥേയത്വം വഹിച്ചതുമായ ആദ്യത്തെ ആണവ അടിയന്തര പരിപാടിയായ ‘കോംപാക്സ് 3’ ൽ സൗദി പങ്കെടുത്തതായി മന്ത്രി പറഞ്ഞു. ആണവ പ്രയോഗങ്ങളുടെ വിജയത്തിന് ദേശീയ പ്രതിഭകളിലും കഴിവുകളിലും നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം ഊർജ മന്ത്രി ഊന്നിപ്പറഞ്ഞു. യുവ ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പരിപാടികളെ പിന്തുണക്കുന്നതിനായി സൗദി ഐ.എ.ഇ.എയുമായി സഹകരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. ആണവ സുരക്ഷ കരാറുകളിൽ അംഗരാജ്യങ്ങളെ അംഗീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഐ.എ.ഇ.എയുടെ പങ്കിനെ മന്ത്രി പ്രശംസിച്ചു.
ഉപയോഗിച്ച ഇന്ധനത്തിന്റെയും റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള സംയുക്ത കൺവെൻഷന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങൾക്കായി ഒരു പ്രാദേശിക വർക് ഷോപ്പ് റിയാദ് സംഘടിപ്പിക്കുന്നുണ്ട്. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി അടുത്ത സഹകരണം പുലർത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത ഊർജ മന്ത്രി തന്റ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.