സംസം വീടുകളിലെത്തിക്കുന്ന പുതിയ സേവനമൊരുക്കി ‘നുസ്ക്’ ആപ്പ്
text_fieldsസംസം
മക്ക: സൗദിയിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും 330 മില്ലി ബോട്ടിൽ സംസം വെള്ളം നേരിട്ട് രാജ്യത്തുടനീളമുള്ള അവരുടെ വീടുകളിൽ എത്തിക്കാൻ അനുവദിക്കുന്ന പുതിയ സേവനമൊരുക്കി ഹജ്ജ്, ഉംറ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത നുസ്ക് ആപ്പ്. എണ്ണത്തിലോ അളവിലോ ഒരു നിയന്ത്രണവുമില്ലാതെ എളുപ്പത്തിലും സൗകര്യപ്രദമായും നുസ്ക് ആപ്പ് വഴി സംസം ഓർഡർ ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാണ് ഈ സേവനം.
സൗദിയിലെ ഏത് നഗരത്തിലും സംസം വീട്ടിലേക്ക് എത്തിക്കും. അഞ്ച് ലിറ്റർ സംസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്രയും പ്രായോഗിക ശേഷിയിൽ സംസം വെള്ളം ലഭ്യമാകുന്നത് ഇതാദ്യമാണ്. പുതിയ ബോട്ടിലുകൾ കൊണ്ടുപോകാനും ഉപയോഗിക്കാനും എളുപ്പമാണ്. എപ്പോൾ വേണമെങ്കിലും എവിടെയും സൂക്ഷിക്കാനോ കുടിക്കാനോ അനുയോജ്യമായ തെരഞ്ഞെടുപ്പാണിത്.
സംസം ജലത്തിന്റെ ഏക ഔദ്യോഗിക സ്രോതസ്സായ കിങ് അബ്ദുല്ല സംസം ജല പദ്ധതിയാണ് സംസം നൽകുന്നത്. സംസമിന്റെ ആധികാരികതയും സമ്പന്നമായ ചരിത്രവും നിലനിർത്തിക്കൊണ്ട് ഉയർന്ന നിലവാരത്തിലും പരിശുദ്ധിയിലും ശുദ്ധമായ സംസം എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ലാഭേച്ഛയില്ലാത്ത പദ്ധതിയുടെ ലക്ഷ്യം.
നൂതനമായ സാങ്കേതിക പരിഹാരങ്ങളിലൂടെ മതപരവും ആത്മീയവുമായി അനുഭവം നൽകി സംസം വെള്ളം സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ലഭ്യമാക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്ലിംകൾക്ക് ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നുസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിക്കുന്നത്.


