ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധനക്ക് ഓൺലൈൻ ബുക്കിങ്
text_fieldsറിയാദ്: പുതുതായി സൗദിയിലെത്തിയ ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധനക്കുള്ള അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. വിദേശകാര്യ, തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ ചേർന്ന് ഏകീകൃത ദേശീയ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ ‘മുസാനിദ്’, ‘സ്വിഹതി’ ആപ്പ് എന്നിവയെ സംയോജിപ്പിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
തൊഴിലുടമകൾക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കാനും സേവനങ്ങൾ ലഭ്യമാക്കുന്നതിലെ അനുഭവം മെച്ചപ്പെടുത്താനും ഇഖാമ ഇഷ്യൂ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ സേവനം ലക്ഷ്യമിടുന്നതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾ സൗദിയിൽ എത്തുന്ന നിമിഷം തന്നെ അവരുടെ വിവരങ്ങൾ ‘സ്വിഹതി’ആപ്പ് വഴി സ്വമേധയ കാണാനും തൊട്ടടുത്തുള്ള അംഗീകൃത ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും മെഡിക്കൽ പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും ഈ സേവനത്തിലൂടെ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
നേരിട്ട് ഹെൽത്ത് സെന്റർ സന്ദർശിക്കാതെ ബുക്കിങ് പൂർത്തിയാക്കാം എന്നതിനാൽ സമയവും അധ്വാനവും ലാഭിക്കാനും കാത്തിരിപ്പ് സമയം കുറക്കാനും ഇത് സഹായിക്കും. ഈ ഡിജിറ്റൽ സംയോജനം ‘മുസാനിദ്’പ്ലാറ്റ്ഫോം വഴി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഡിജിറ്റൽ പ്രക്രിയ വികസിപ്പിക്കുന്നതിന്റെ ഭാഗമാണ്. തൊഴിലാളിയുടെ സ്വന്തം രാജ്യത്ത് ആരംഭിച്ച് സൗദിയിൽ ഔദ്യോഗികമായി ഇഖാമ ലഭിക്കുന്നത് വരെ നീളുന്നതാണ് ഈ പ്രക്രിയ. സേവനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെയും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിലൂടെയും സേവനങ്ങളുടെ നിലവാരവും അവയുടെ ലഭ്യതയും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.



