വിവിധ തുറമുഖങ്ങളിൽനിന്ന് 108 തരം മയക്കുമരുന്ന് വസ്തുക്കളടക്കം 1400ലധികം കള്ളക്കടത്ത് ശ്രമങ്ങൾ പിടികൂടി
text_fieldsമയക്കുമരുന്ന് വസ്തുക്കൾ പിടികൂടിയ സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥൻ
ജിദ്ദ: സൗദിയുടെ വിവിധ മേഖലകളിൽ കള്ളക്കടത്തുശ്രമങ്ങളും മയക്കുമരുന്ന് കടത്തലും പിടികൂടുന്നത് ശക്തമാക്കി അധികൃതർ. വിവിധ മേഖലകളിൽ നിന്ന് വിവിധ മയക്കുമരുന്ന് വസ്തുക്കൾ കടത്താൻ ശ്രമിച്ച നൂറു കണക്കിന് പ്രതികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. പഴുതടച്ച പരിശോധനകൾ വിവിധ ഭാഗങ്ങളിൽ അധികൃതർ ശക്തമാക്കിയതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 1,404 കള്ളക്കടത്തു കേസുകളാണ് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 108 തരം മയക്കുമരുന്ന് വസ്തുക്കൾ ഉൾപ്പെടുന്നു.
രാജ്യത്തെ വിവിധ കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങളിൽ നിന്നാണ് കള്ളക്കടത്തുകൾ രേഖപ്പെടുത്തിയതെന്ന് സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വെളിപ്പെടുത്തി. നിരോധിത വസ്തുക്കളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. പിടിച്ചെടുത്ത ഇനങ്ങളിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, ക്യാപ്റ്റഗൺ ഗുളികകൾ തുടങ്ങിയ 108 തരം മയക്കുമരുന്നുകളും 801 നിരോധിത വസ്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാറ്റ്ക അറിയിച്ചു.
2,350 പുകയില, പുകയില ഉൽപന്നങ്ങൾ, 72 തരംകറൻസികൾ, 11 തരം ആയുധങ്ങൾ, അനുബന്ധ സാധനങ്ങൾ എന്നിവ കസ്റ്റംസ് തുറമുഖങ്ങളിൽ പിടിച്ചെടുത്തതായും ബന്ധപ്പെട്ടവർ അറിയിച്ചു.സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഇറക്കുമതിയിലും കയറ്റുമതിയിലും കർശനമായ കസ്റ്റംസ് നിരീക്ഷണത്തിനുള്ള പ്രതിബദ്ധത അതോറിറ്റി വീണ്ടും ഉറപ്പിച്ചു. രാജ്യത്തെ കസ്റ്റംസ് തുറമുഖങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടുന്നത്.
സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളിന്റെ 1910 നമ്പറിൽ വിളിച്ചറിയിച്ചോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ കർശനമായ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും സൂചന കൃത്യമാണെന്ന് തെളിഞ്ഞാൽ വിവരം നൽകുന്നവർക്ക് പാരിദോഷികത്തിന് അർഹതയുണ്ടെന്നും അധികൃതർ അറിയിച്ചു.