പഹൽഗാം ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിേലക്ക് മടങ്ങി
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജിദ്ദ അൽ സലാം കൊട്ടാരത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഔദ്യോഗിക സന്ദർശനത്തിന് ജിദ്ദയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങി. അതിന് മുമ്പ് അൽ സലാം കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മോദിക്ക് ഊഷ്മള സ്വീകരണം നൽകി. മുൻകൂട്ടി നിശ്ചയിച്ച സമയത്തിൽനിന്ന് മാറി ചൊവ്വാഴ്ച രാത്രിയാണ് കൂടിക്കാഴ്ച നടന്നത്. തുടർന്ന് സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗത്തിലും പങ്കെടുത്തശേഷമാണ് മോദി സന്ദർശന പരിപാടി വെട്ടിച്ചുരുക്കി മടങ്ങിയത്. ബുധനാഴ്ച പുലർച്ചെ അദ്ദേഹം ന്യൂ ഡൽഹിയിലെത്തും.
സ്വീകരണത്തിന് ശേഷം കൊട്ടാരത്തിൽവെച്ച് കിരീടാവകാശിയുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. രാജ്യം സന്ദർശിക്കാനും കിരീടാവകാശിയെ കാണാനും കഴിഞ്ഞതിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ വശങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവർ അവലോകനം ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരുടെയും അധ്യക്ഷതയിൽ രണ്ടാം സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് കൗൺസിൽ യോഗം കൊട്ടാരത്തിൽ നടന്നു.
പഹൽഗാം ഭീകരാക്രമണത്തെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ തെൻറ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ബഹുമുഖ ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിന് പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.
സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗം
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംരംഭത്തിന് കീഴിലുള്ള ഇന്ത്യ-സൗദി അറേബ്യ സഹകരണത്തെക്കുറിച്ചും പരസ്പരം കാഴ്ചപ്പാടുകൾ കൈമാറി. സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ (എസ്.പി.സി) ചട്ടക്കൂടിന് കീഴിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രതിരോധ സഹകരണം, ടൂറിസം, സാംസ്കാരിക സഹകരണം എന്നിവയിൽ രണ്ട് പുതിയ മന്ത്രിതല സമിതികൾ കൂടി ചേർത്തുകൊണ്ട് കൗൺസിൽ വിപുലീകരിച്ചതിനെ ഇരുവരും സ്വാഗതം ചെയ്തു. യോഗ മിനിറ്റ്സിൽ ഇരുവരും ഒപ്പുവച്ചതോടെ യോഗം സമാപിച്ചു.
സ്വീകരണ പരിപാടിയിലും എസ്.പി.സി യോഗത്തിലും സൗദി പക്ഷത്തുനിന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, സ്പോർട്സ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ്, റോയൽ കോർട്ട് ഉപദേശകൻ മുഹമ്മദ് ബിൻ മസിയാദ് അൽ തുവൈജിരി, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽ റാഷിദ്, പബ്ലിക് ഇൻവെസ്റ്റുമെൻറ് ഫണ്ട് ഗവർണർ യാസർ ബിൻ ഒത്മാൻ അൽ റുമയാൻ എന്നിവരും ഇന്ത്യൻ പക്ഷത്തുനിന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, വിദേശകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി അസീം മഹാജൻ, പ്രധാനമന്ത്രിയുടെ അഡീഷനൽ സെക്രട്ടറി ദീപക് മിത്തൽ, വിദേശകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി രൺധീർ ജയ്‌സ്വാൾ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്പെഷൽ ഡെപ്യൂട്ടി ഓഫീസർ ഡോ. ഹിരൺ ജോഷി, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിവേക് കുമാർ, ഡെപ്യൂട്ടി സെക്രട്ടറി ഡോ. വിപിൻ കുമാർ, പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെട്രക്കറി നിധി തിവാരി എന്നിവരും പങ്കെടുത്തു.