പാസ്പോർട്ട് ടു ദ വേൾഡ്; അൽഖോബാറിൽ ഇനി ആഘോഷ രാവുകൾ
text_fieldsഅൽഖോബാറിലെ ഇസ്കാൻ പാർക്കിൽ ആരംഭിച്ച ‘പാസ്പോർട്ട് ടു ദ വേൾഡ്’ പ്രവാസി ആഘോഷമേളയുടെ പ്രധാന വേദി (ഫോട്ടോ: എ.കെ. അസീസ്)
അൽ ഖോബാർ: ഇസ്കാൻ പാർക്കിൽ ‘പാസ്പോർട്ട് ടു ദ വേൾഡ്’ പ്രവാസി ആഘോഷമേളയിൽ ഇന്ത്യൻ ഉത്സവത്തിന് കൊടിയേറി. ബുധനാഴ്ച വൈകീട്ട് ഏഴോടെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അൽ ഖോബാർ ലുലു ഹൈപർമാർക്കറ്റിന് സമീപത്തെ ഇസ്കാൻ പാർക്കിൽ പ്രത്യേകം തയാറാക്കിയ ഉത്സവനഗരിയിലേക്ക് സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ ഒഴുകിയെത്തി.
ചെണ്ടമേളം, സാരെ ജഹാംസേ അച്ചാ ദേശഭക്തിഗാനാലാപന സംഘം, എ.ആർ. റഹ്മാൻ ഷോ, ടോൾ ബാജി, ഓണ നൃത്തം, തമിഴ് നാടോടി നൃത്തം, പഞ്ചാബി നൃത്തം, മയിലാട്ടം, ഒപ്പന, കളരി, ബോളിവുഡ് ഡാൻസ് എന്നിവ അണിനിരന്ന ഘോഷയാത്ര ആഘോഷ നഗരിയെ വലംവെച്ചതോടെ ആഘോഷരാവിന് തുടക്കമായി. പ്രധാന വേദിക്ക് സമീപം ഘോഷയാത്ര സമാപിച്ചു. തുടർന്ന് ബഹുവർണ തോരണങ്ങളും വിളക്കുകളുംകൊണ്ട് അലങ്കരിച്ച പ്രധാന വേദിയിൽ കലാപരിപാടികൾ തുടങ്ങി.
ജാവേദ് അലി, പ്രീതി ബാല, വർഷ പ്രസാദ്, സജിലി സലീം, പൂജ കന്ദൽവാൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഒരുക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾക്ക് പുറമെ ഇന്ത്യയുടെ തനത് രുചിവിഭവങ്ങൾ വിളമ്പുന്ന ഫുഡ് സ്റ്റാളുകൾ, പരമ്പരാഗത കരകൗശല പ്രദർശനം, പരമ്പരാഗത വസ്ത്രങ്ങളുടെ പ്രദർശനം തുടങ്ങിയ പവിലിയങ്ങളും ഉത്സവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ വിശാലമായ ഒരു പരമ്പരാഗത ചന്തയും സന്ദർശകർക്ക് ഇന്ത്യൻ സാംസ്കാരിക തനിമയുടെ അനുഭവം പകരും. നാലു ദിവസവും വൈകീട്ട് നാലു മുതൽ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം.
വ്യാഴാഴ്ചയിലെ ഇന്ത്യൻ രാവിൽ റിഷി സിങ്, അകസ, സജിലി സലീം, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും വെള്ളിയാഴ്ച അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും കലാപരിപാടികളവതരിപ്പിക്കും. അവസാന ദിവസമായ ശനിയാഴ്ച എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ, പ്രിയൻഷി ശ്രീവാസ്തവ, പൂജ കന്ദൽവാൾ എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക.
ഇന്ത്യക്ക് പുറമെ സുഡാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യക്കാരായ പ്രവാസികൾക്കും വേണ്ടിയാണ് നാലാഴ്ച നീളുന്ന ആഘോഷ രാവുകൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച സുഡാന്റെ പരിപാടികളായിരുന്നു. ഇന്ത്യയുടേത് ശനിയാഴ്ച അവസാനിക്കും. അടുത്തയാഴ്ച ഫിലിപ്പീൻസിന്റെയും അതിന് ശേഷം ബംഗ്ലാദേശിന്റെയും പരിപാടികൾ അരങ്ങേറും.
എല്ലാ രാജ്യങ്ങളുടെയും തനത് കലാവിഷ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങിയ പരിപാടികളാണ് അതത് രാജ്യക്കാർക്കൊപ്പം ഇതര രാജ്യക്കാർക്കും സാംസ്കാരിക വിനിമയം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റി സംഘടിപ്പിക്കുന്നത്.
പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കലും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കലുമാണ് പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യയുടെ ഘോഷയാത്രയടക്കം വിവിധ പരിപടികൾ ഒരുക്കാൻ മി ഫ്രണ്ട് പ്രവർത്തകരായ സലിം അമ്പലൻ, റഷീദ് ഉമർ, ലിയാഖത്ത് അലി, കോയ, ഷബീർ ചാത്തമംഗലം തുടങ്ങിയവർ നേതൃത്വം നൽകുന്നു.