‘പാസ്പോർട്ട് ടു ദ വേൾഡ്’; അൽഖോബാറിൽ ഇന്ത്യൻ ആഘോഷം തുടരുന്നു
text_fields‘പാസ് പോർട്ട് ടു ദ വേൾഡ്’ ഇന്ത്യൻ ആഘോഷങ്ങൾ അൽഖോബാറിൽ അരങ്ങേറിയപ്പോൾ ( ചിത്രം, ജെയ്സൺ ഫ്രാൻസിസ്, താരിഖ് തലശ്ശേരി)
അൽഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി രാവുകളെ സംഗീതസാന്ദ്രമാക്കി അൽഖോബാറിൽ ‘പാസ്പോർട്ട് ടു ദ വേൾഡ്’ ഇന്ത്യൻ ഉത്സവാഘോഷം തുടരുന്നു. ബുധനാഴ്ച രാത്രി എട്ടോടെ ലുലു ഹൈപർമാർക്കറ്റിന് സമീപത്തെ ഇസ്കാൻ പാർക്കിലെ വിശാലമായ വേദിയിൽ ഭാൻഗ്ര നൃത്തത്തോടെയാണ് തുടക്കംകുറിച്ചത്.
സായാഹ്ന വിളക്കുകളുടെ ഹൃദ്യമായ പ്രകാശത്തിലും തെളിഞ്ഞ കാലാവസ്ഥയുടെ മനോഹാരിതയിലും തുടർന്ന് അരങ്ങേറിയ പരിപാടികളെല്ലാം പ്രവാസികൾക്ക് അവിസ്മരണീയമായ അനുഭൂതി സമ്മാനിച്ചു.
ഊർജസ്വലമായ നിറങ്ങൾ ചാലിച്ച വെളിച്ച സംവിധാനം, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, സമ്പന്നമായ സാംസ്കാരിക പൈതൃകം നിറഞ്ഞ ഘോഷയാത്ര എന്നിവ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു. വൈകീട്ട് അഞ്ചു മുതൽ ജനക്കൂട്ടം എത്തിത്തുടങ്ങിയിരുന്നു. കുടുംബങ്ങളും കുട്ടികളും യുവാക്കളുടെ സംഘങ്ങളും ഉൾപ്പെടെ ആളുകൾ വേദിക്ക് മുന്നിലേക്ക് ഒഴുകിയെത്തി. സമീപത്തെ പള്ളിയുടെ പാർക്കിങ് സ്ഥലങ്ങൾ നേരത്തെ നിറഞ്ഞുകവിഞ്ഞു. ആയതിനാൽ നിരവധി പേർക്ക് ദൂരെ പാർക്ക് ചെയ്തു നടന്നെത്തേണ്ടി വന്നു.
പരമ്പരാഗത പഞ്ചാബി വസ്ത്രം ധരിച്ച ഭാൻഗ്ര നർത്തകർ പഞ്ചാബിന്റെ ഗ്രാമീണ ആത്മാവിനെ പ്രതിധ്വനിപ്പിക്കുന്ന താളാത്മകമായ ചലനങ്ങളോടെ ചുവടുവെച്ചപ്പോൾ അത് പ്രവാസി കാഴ്ചക്കാർക്ക് അനുഭൂതിദായകമായ ദൃശ്യവിരുന്നായി.
രാത്രി ഒമ്പതിന് നടന്ന ഇന്ത്യൻ പ്രാദേശിക കലാസാംസ്കാരിക തനിമ വിളംബരം ചെയ്യുന്ന സാംസ്കാരിക ഘോഷയാത്ര മറ്റൊരു മനോഹരമായ കാഴ്ചയായി മാറി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഗാംഭീര്യമുള്ള കഥകളി വേഷവിധാനങ്ങൾ, തിളങ്ങുന്ന മുത്തുക്കുടകൾ, ഭരതനാട്യ വേഷം ധരിച്ച യുവതികൾ, മയിലാട്ടം, ഒപ്പന, കോൽക്കളി, കളരി, ദഫ് മുട്ട് തുടങ്ങിയ ക്ലാസിക്കൽ, നാടോടി കലകളുടെ പ്രകടനങ്ങൾ എന്നിവയോടെ നടന്ന പരേഡ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ജീവസുറ്റതാക്കി. ഓരോ സംഘവും പാർക്ക് ഗ്രൗണ്ട് ചുറ്റി വേദിയിൽ കയറി അവരുടെ അതുല്യമായ കലാപരമായ ആവിഷ്കാരങ്ങൾ പ്രദർശിപ്പിച്ചു.
ശ്രദ്ധേയമായ പ്രതിഭകളുടെ ഒരു നിരയെ തന്നെ അവതരിപ്പിച്ചുകൊണ്ട് സംഗീതത്തിലൂടെ ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയിൽനിന്നുള്ള ശ്രദ്ധേയ ഗായകരായ സജിലി സലീം, ജാവേദ് അലി, പ്രീതി ബാല, വർഷ പ്രസാദ്, പൂജ കണ്ടേൽവാൾ തുടങ്ങിയവർ വേദിയിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. പാട്ടിനൊപ്പം ആസ്വാദകരും നൃത്തമാടിയപ്പോൾ ഇസ്കാൻ വേദി ചടുലമായി.
സൗജന്യ പാസ് വഴിയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്താണ് പാസ് നേടേണ്ടത്. എന്നാൽ പരിപാടിക്ക് മുമ്പ് തന്നെ പാസുകൾ മുഴുവൻ ബുക്കായി.
എല്ലാ പ്രവേശന കവാടങ്ങളിലും കർശനമായ സുരക്ഷാ പരിശോധനകളോടെ സുരക്ഷിതവും സുഗമവുമായ അനുഭവം സംഘാടകർ ഉറപ്പാക്കി. പരമ്പരാഗത ഇന്ത്യൻ ഭക്ഷണം, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപനയും നടത്തുന്ന സ്റ്റാളുകൾ ഉത്സവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. രാത്രി 12ഓടെ ഇന്ത്യൻ സാംസ്കാരിക മഹത്വത്തിന്റെ ഓർമകൾ അവശേഷിപ്പിച്ച് ആദ്യ ദിവസത്തെ പരിപാടിക്ക് തിരശ്ശീല വീണു. സന്ദർശകർ പിരിഞ്ഞതിനൊപ്പം സ്റ്റാളുകളും അടച്ചു.
വ്യാഴാഴ്ചയും ഉത്സവാന്തരീക്ഷത്തിൽ ആഘോഷങ്ങൾ അരങ്ങേറി. പ്രമുഖ ഗായകരായ റിഷി സിങ്, അകസ, സജിലി സലീം, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരാണ് രണ്ടാം ദിവസവും പരിപാടികൾ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവർ കലാപരിപാടികളവതരിപ്പിക്കും. അവസാന ദിവസമായ ശനിയാഴ്ച എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ, പ്രിയൻഷി ശ്രീവാസ്തവ, പൂജ കന്ദൽവാൾ എന്നിവരാണ് വേദിയിൽ അണിനിരക്കുക.
ഇന്ത്യക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ആഘോഷ പരിപാടി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഘോഷയാത്രയടക്കം വിവിധ പരിപാടികൾ ഒരുക്കാൻ മി ഫ്രണ്ട് പ്രവർത്തകരായ സലിം അമ്പലൻ, ഹിലാൽ, റഷീദ് ഉമർ, ലിയാഖത്ത് അലി, കോയ, ഷബീർ ചാത്തമംഗലം തുടങ്ങിയവർ നേതൃത്വം നൽകുന്നു.