പൈതൃകത്തിന്റെ ഓർമനൂൽ നൂറ്റ സിദ്ദീഖിന്റെ ചർക്ക
text_fieldsചർക്കയുമായി സിദ്ദീഖ് (ചിത്രം ജയ്സൺ ഫ്രാൻസിസ്)
അൽ ഖോബാർ: ഇന്ത്യയുടെ സാംസ്കാരിക സമാഗമത്തിന്റെ ഓർമചിഹ്നമായി ഖോബാറിലെ ഇസ്കാൻ പാർക്കിൽ നടന്ന ‘പാസ്പോർട്ട് ടു ദ വേൾഡ്’ എന്ന പരിപാടിയിൽ നിറമണിഞ്ഞ സ്റ്റാളുകൾക്കും മനോഹരമായ പ്രകടനങ്ങൾക്കുമിടയിൽ ചർക്കയിൽ പൈതൃകത്തിന്റെ ഓർമ നൂൽ നൂറ്റ സിദ്ദീഖിന്റെ സ്റ്റാൾ മുഖ്യ ആകർഷണമായി മാറി. ആലുവ സ്വദേശിയായ സിദ്ദീഖ് ദമ്മാമിൽ പ്രവാസിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകങ്ങളിലൊന്നായി മാറിയ ചർക്ക വിവിധ രാജ്യക്കാരായ സന്ദർശകർക്ക് കൗതുകം പകർന്നു.
പാഴ്വസ്തുക്കളും മറ്റും കൊണ്ട് സിദ്ദീഖ് തന്നെ നിർമിച്ചതാണ് ചർക്ക. സംഘാടകരായ ‘മി ഫ്രണ്ട്’ പ്രവർത്തകരുടെ ക്ഷണപ്രകാരമാണ് താനിവിടെ എത്തിയതെന്ന് സിദ്ദീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചർക്ക ചരിത്രം കേട്ടും അതിന്റെ പ്രവർത്തനം കണ്ടും ആളുകൾ അത്ഭുതത്തോടെ വിവരങ്ങൾ ചോദിച്ചറിഞ്ഞത് വലിയ അനുഭവമായിരുന്നു.
ചർക്കയെക്കുറിച്ചുള്ള ഏറ്റവും കൂടുതൽ സംശയങ്ങളും ആവേശവുമൊക്കെ പങ്കുവെച്ചത് സൗദി പൗരന്മാരാണ്. ഗാന്ധി തൊപ്പിയും കുർത്തയും ധരിച്ചാണ് സിദ്ദീഖ് സ്റ്റാളിലിരുന്ന് ചർക്ക തിരിച്ചത്. സ്റ്റാളിൽ ചർക്കക്ക് ഒപ്പം അനുബന്ധ ഉപകരണങ്ങളും നിറഞ്ഞിരുന്നു. അരിവാൾ, മോരു കടയുന്ന കടക്കോൽ, മണ്ണെണ്ണ വിളക്ക്, മഞ്ചട്ടി, ചിരവ, കൂജ, പാളത്തൊപ്പി, തവി, വട്ടി, കുട്ട, മുറം, മൺപാത്രങ്ങൾ തുടങ്ങിയവയൊക്കെയും കാഴ്ചക്കാരെ ചരിത്രത്തിന്റെ നാൾവഴിയിലൂടെ പിന്നിലേക്ക് കൊണ്ടുപോയി.
ഈ സാധനങ്ങൾ മാത്രമല്ല, ഓരോ ഉപകരണത്തിന്റെയും കഥകൾ കൂടി കാഴ്ചക്കാർ ചോദിച്ചറിഞ്ഞു. കുട്ടികൾക്കായി ചന്ദ്രയാൻ മോഡലുകൾ പോലുള്ള വിദ്യാഭ്യാസ പ്രോജക്ടുകൾ സിദ്ദീഖ് ഒരുക്കി നൽകിയിട്ടുണ്ട്. ദമ്മാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സിദ്ദീഖ്, അവധിയെടുത്താണ് പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ ഈ പരിപാടിക്കാണ് വരുന്നതെന്ന് സ്പോൺസറോട് പറഞ്ഞിരുന്നില്ല. താൻ ഇവിടെ ചർക്ക കറക്കിയിരിക്കുന്ന ചിത്രം ആരോ സ്പോൺസർക്ക് അയച്ചുകൊടുത്തു. അദ്ദേഹം ആ ചിത്രം വാട്സ്ആപ്പിൽ അയച്ചുതന്നിട്ട് ഇത് സിദ്ദീഖ് ആണോ എന്ന് തിരക്കി. അതേയെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു, അഭിനന്ദിക്കുകയും ചെയ്തു. 35 വർഷമായി സിദ്ദീഖ് സൗദിയിൽ ജോലി ചെയ്യുന്നു. ഭാര്യ: നസീമ. മക്കൾ: തസ്നീം, തൻസീറ.