പാസ്പോർട്ട് ടു ദ വേൾഡ്; ഇന്ത്യൻ ആഘോഷ രാവിന് ഇന്നു തുടക്കം
text_fieldsഅൽ ഖോബാർ ഇസ്കാൻ പാർക്കിൽ ‘പാസ്പോർട്ട് ടു ദ വേൾഡ്’ ഇന്ത്യൻ ആഘോഷപരിപാടികൾ അരങ്ങേറുന്ന മേള നഗരിയുടെ കാഴ്ചകൾ
അൽ ഖോബാർ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി രാജ്യത്തെ പ്രവാസികൾക്ക് വേണ്ടി അൽ ഖോബാറിലെ ഇസ്കാൻ പാർക്കിൽ ആരംഭിച്ച ‘പാസ്പോർട്ട് ടു ദ വേൾഡ്’ ആഘോഷമേളയിൽ ഇന്ത്യൻ ആഘോഷങ്ങൾക്ക് ബുധനാഴ്ച അരങ്ങുണരും. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് സ്വന്തം നാടിന്റെ തനിമയിൽ കലാ, സാംസ്കാരിക പ്രകടനങ്ങളെയും ഉത്സവ പൈതൃകങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനും പങ്കുചേരാനും ഒരുക്കുന്ന ആഘോഷ പരിപാടിയിൽ സുഡാന്റെ ഊഴം അവസാനിച്ചു.
ഇനി ഇന്ത്യൻ രാവുകളാണ്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ പ്രവാസി ഇന്ത്യക്കാർക്ക് മാത്രമായി അരങ്ങേറുന്ന കലാസാംസ്കാരിക പരിപാടികളും രുചിമേളയും ആസ്വദിക്കാൻ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളും വ്യക്തികളും ഇസ്കാൻ പാർക്കിലേക്ക് ഒഴുകിയെത്തും. പ്രധാന വേദിയുടെയും പവിലിയനുകളുടെയും ഒരുക്കം പൂർത്തിയായി.
എല്ലാ ദിവസവും വൈകീട്ട് ഇന്ത്യൻ തനിമ വിളിച്ചോതുന്ന കലാസാംസ്കാരിക ഘോഷയാത്രയോടെയായാണ് ആഘോഷരാവിന് തുടക്കമാകുക.
ഒപ്പന, ബോളിവുഡ് ഡാൻസ്, മുട്ടിപ്പാട്ട്, കളരി, ഭാൻഗ്ര നൃത്തം എന്നീ നാടോടി കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ ഘോഷയാത്രയാണ് നടക്കുക. കലാവിഷ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികളായിരിക്കും അരങ്ങേറുക. നാലു ദിവസവും വൈകീട്ട് നാലു മുതൽ പരിപാടികൾ ആരംഭിക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം.
നാലു ദിവസങ്ങളിലും ഇന്ത്യയിൽനിന്നുള്ള നിരവധി കലാകാരന്മാരാണ് പരിപാടികളവതരിപ്പിക്കാൻ എത്തുന്നത്. ബുധനാഴ്ച ജാവേദ് അലി, പ്രീതി ബാല, വർഷ പ്രസാദ്, സജ്ലി സലീം, പൂജ കന്ദൽവാൾ എന്നിവർ പരിപാടികൾ അവതരിപ്പിക്കും.
വ്യാഴാഴ്ച റിഷി സിങ്, അകസ, സജ്ലി സലീം, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും വെള്ളിയാഴ്ച അർമാൻ മാലിക്, ആര്യൻ തിവേരി, ദിവ്യ എസ്. മേനോൻ, വർഷ പ്രസാദ്, പൂജ കന്ദൽവാൾ എന്നിവരും കലാപരിപാടികളവതരിപ്പിക്കും. അവസാന ദിവസമായ ശനിയാഴ്ച എമിവേ ബന്ദായി, ബിസ്വ, ദിവ്യ എസ്. മേനോൻ, പ്രിയൻഷി ശ്രീവാസ്തവ, പൂജ കന്ദൽവാൾ എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക.
പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കാനും സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് അതോറിറ്റി ഈ ആഘോഷമേള ഒരുക്കുന്നത്.
ഓരോ രാജ്യത്തിന്റെയും നാടോടി രൂപങ്ങള്‍, തുണിത്തരങ്ങള്‍, പ്രകൃതി ഘടകങ്ങള്‍, വാസ്തുവിദ്യ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏകീകൃത ദൃശ്യ രൂപകല്പനയിലൂടെയും കലാപരമായ സ്വത്വത്തിലൂടെയും പ്രതിഫലിക്കുന്ന സംയോജിത അനുഭവം ‘പാസ്പോര്‍ട്ട് ടു ദ വേള്‍ഡ്’ വാഗ്ദാനം ചെയ്യുന്നു.
ഓരോ പവിലിയനിലും പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നൃത്ത പ്രകടനങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും കരകൗശല വസ്തുക്കളും അടക്കമുള്ള സാംസ്കാരിക ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. മേള നഗരിയിൽ തുറന്ന ചന്തയും ഒരുക്കിയിട്ടുണ്ട്.